യുദ്ധത്തിന്റെയും കൊലയുടെയും അധിനിവേശത്തിന്റെയും വാർത്തകളാണ് ചുറ്റും. മനുഷ്യത്വത്തിന്റെ മണമുള്ള ചില വാർത്തകളും ഒറ്റപ്പെട്ടതാണെങ്കിലും പുറത്തുവരുന്നുണ്ട്. റഷ്യൻ സേന യുക്രെയ്നിൽ സംഹാര താണ്ഡവം തുടരുമ്പോൾ അവിടെയുള്ള ഒരു കുടുംബത്തിന് താങ്ങാവുകയാണ് ഒരു ഇന്ത്യൻ പെൺകുട്ടി. ആ കഥ പറയാം.
യുക്രെയ്നിൽ എം.ബി.ബി.എസ് പഠനത്തിന് എത്തിയതാണ് ഹരിയാന സ്വദേശിനി നേഹ. ഈ വർ ഷമാണ് നേഹ യുക്രെയ്നിൽ എത്തിയത്. അഡ്മിഷൻ കാലാവധിയും കഴിഞ്ഞ് എത്തിയതിനാൽ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ നേഹക്ക് താമസ സൗകര്യം കിട്ടിയില്ല. തുടർന്ന് രാജ്യ തലസ്ഥാനമായ കിയവിൽ തന്നെയുള്ള ഒരു കുടുംബത്തിനൊപ്പം പേയിങ് ഗസ്റ്റ് ആയി തുടരാൻ തീരുമാനിച്ചു.
കൻസ്ട്രക്ഷൻ എൻജിനീയർ ആയ കുടുംബനാഥനും ഭാര്യയും മൂന്ന് തീരെ ചെറിയ കുഞ്ഞുങ്ങളുമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. നേഹ അവരിൽ ഒരംഗമായി. കാര്യങ്ങൾ ശാന്തമായി പോകവേയാണ് യുദ്ധമേഘങ്ങൾ യുക്രെയ്ന് മേൽ നിഴൽ വിരിച്ചത്. ഇന്ത്യയിലേക്ക് സഹപാഠികൾ അടക്കമുളളവരൊക്കെ മടങ്ങിയപ്പോഴും നേഹ ഒന്ന് ശങ്കിച്ചു. നേഹ താമസിക്കുന്ന വീട്ടിലെ കുടുംബനാഥൻ രാജ്യരക്ഷക്കായി ആർമിയിൽ ചേർന്ന് യുദ്ധത്തിന് പോകേണ്ടി വന്നു. ഭാര്യയും ആ മൂന്ന് കുഞ്ഞുങ്ങളും നേഹയും അവിടെ തനിച്ചായി.
അതിനിടക്കാണ് ഇന്ത്യയിലേക്ക് മടങ്ങാൻ നേഹക്ക് അവസരം ലഭിച്ചത്. പക്ഷേ, യുദ്ധമുഖത്ത് ആ കുടുംബത്തെ തനിച്ചാക്കി മടങ്ങാൻ നേഹ തയ്യാറായില്ല. അവിടെ തന്നെ തുടരാൻ അവൾ തീരുമാനിച്ചു. ആ കുഞ്ഞുമക്കളും അവരുടെ അമ്മയും നേഹയും ഇപ്പോൾ കിയവിലെ ഒരു ബങ്കറിലാണുള്ളത്. എന്ത് സംഭവിച്ചാലും അവരെ ഉപേക്ഷിച്ച് മടങ്ങിവരില്ലെന്നാണ് നേഹ പറയുന്നത്. ആപത്തു കാലത്ത് അവരെ വിട്ടു പോകാൻ തയാറല്ല എന്ന് നേഹ അമ്മയോടും ബന്ധുക്കളോടും പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിൽ സൈനികനായിരുന്ന നേഹയുടെ അച്ഛൻ ഏതാനും വർഷം മുമ്പ് മരണപ്പെട്ടിരുന്നു. അമ്മ അധ്യാപികയാണ്. അമ്മയുടെ സുഹൃത്തായ സ്ത്രീയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.