ഫലസ്തീൻ അനുകൂല ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രായേൽ പോളിസി മേധാവി

വാഷിങ്ടൺ: ഇൻസ്റ്റഗ്രാമിലെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാനും ഇത്തരം അക്കൗണ്ടുകൾ സെൻസർ ചെയ്യാനും മെറ്റയുടെ ഇസ്രായേൽ പോളിസി മേധാവി ജോർദാന കട്‌ലർ ഇടപെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്‍റെ ഗസ്സയിലെ നരനായാട്ട് റിപ്പോർട്ട് ചെയ്യുന്ന സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്‍റെ പോസ്റ്റുകൾ സെൻസർ ചെയ്യണമെന്നതടക്കം ജോർദാന കട്‌ലർ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

ദി ഇന്‍റർസെപ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രായേൽ സർക്കാറിൽ മുമ്പ് ഉദ്യോഗസ്ഥയായിരുന്നു ജോർദാന കട്‌ലർ. ഫലസ്തീനായുള്ള പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിൽ സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീന്‍ എന്ന അക്കൗണ്ട് പ്രധാന പങ്കുവഹിച്ചിരുന്നു. പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി.), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (ഡി.എഫ്.എൽ.പി) എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും നീക്കാൻ ജോർദാന ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി സ്റ്റുഡന്‍റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ ബന്ധപ്പെട്ടിരിക്കുന്നെന്ന് ആരോപിച്ച് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ജോർദാന നീക്കാൻ ആവശ്യപ്പെട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായ മെറ്റയുടെ കീഴിലാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡുകൾ, വാട്ട്‌സ്ആപ്പ് എന്നിവ പ്രവർത്തിക്കുന്നത്. ജോർദാനയുടെ ആവശ്യപ്രകാരം സെൻസറിങ് നടന്നോ എന്ന കാര്യം ദി ഇന്‍റർസെപ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നില്ല.

Tags:    
News Summary - Meta’s Israel policy chief pushed for removal of pro-Palestinian Instagram posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.