ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേലിനെതിരെ ഫലസ്തീനികളുടെ ചെറുത്തുനിൽപിന്റെ ശബ്ദമായ അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ് കൊല്ലപ്പെട്ടു. ഫലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ (പി.ഐ.ജെ) സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡിന്റെ സൈനിക വക്താവായിരുന്നു അബൂ ഹംസ. തിങ്കളാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹംസയും കുടുംബവും കൊല്ലപ്പെട്ടത്. മരണ വിവരം പി.ഐ.ജെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മധ്യഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ വെച്ചാണ് 25കാരനായ ഹംസ രക്തസാക്ഷിയായത്. ഒപ്പം ഭാര്യയായ ഷൈമ മഹ്മൂദ് വാഷയും ഉണ്ടായിരുന്നു. മരണത്തിന് ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. അബൂ ഹംസയുടെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബസ്ഡ്രൈവറായിരുന്ന ഹംസ വളരെ വേഗമാണ് സ്വന്തം കഴിവുകൊണ്ട് പ്രതിരോധ സംഘത്തിന്റെ നേതൃനിരയിലേക്ക് എത്തിയത്. ഫലസ്തീനിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ആവേശത്തോടെയാണ് കേട്ടിരുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ, ഇന്നത്തെ ഇസ്രായേലിന്റെ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടുത്തി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1981ൽ ഈജിപ്തിലെ ഫലസ്തീൻ വിദ്യാർഥികൾ സ്ഥാപിച്ച പ്രസ്ഥാനമാണ് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്.
''അത്യധികം ബഹുമാനത്തോടെയും അതിലേറെ അഭിമാനത്തോടെയും ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനം നമ്മുടെ മഹത്തായ ഫലസ്തീൻ ജനതയോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും നേതാവ് നാജി അബു സെയ്ഫ് അബൂ ഹംസയുടെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സഹോദരന്റെ കുടുംബത്തെയും ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ ആക്രമണത്തിൽ ക്രിമിനൽ സൈന്യം അദ്ദേഹത്തെ വധിച്ചു’ -പി.ഐ.ജെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നാസി സയണിസ്റ്റ് ക്രിമിനൽ സ്ഥാപനം നടത്തിയ വഞ്ചനാപരവും വെറുപ്പുളവാക്കുന്നതുമായ ഈ കൊലപാതകം, അവരുടെ ലക്ഷ്യങ്ങൾ പൂർണമായും പരാജയപ്പെടുത്തുന്നതുവരെ നമ്മുടെ ജനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്നത് തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. രക്തസാക്ഷിത്വം വരിച്ച വക്താവ് ചെറുത്തുനിൽപ്പിന്റെ ശബ്ദമായി അറിയപ്പെട്ടിരുന്നു, അല്ലാഹുവിനോടുള്ള ഭക്തിയിൽ ഒരു അപവാദവും ഭയപ്പെട്ടിരുന്നില്ല, പ്രസംഗത്തിൽ വാചാലനായിരുന്നു, ചെറുത്തുനിൽപ്പിനും നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിരോധത്തിൽ വീരോചിതമായ നിലപാടുകളിൽ ധീരനായിരുന്നു, നിലപാടിൽ ഒരിക്കലും പതറാതെ നിന്നു’ -പി.ഐ.ജെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.