വാഷിങ്ടൺ: മൂന്നാഴ്ചയിലധികം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് റിപ്പബ്ലിക്കൻ പാർട്ടിയിലെ മൈക്ക് ജോൺസൻ യു.എസ് കോൺഗ്രസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ജോൺസന് റിപ്പബ്ലിക്കൻ പാർട്ടിയിലെ 220 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹകീം ജെഫ്രീസിന് 209 വോട്ടാണ് ലഭിച്ചത്. നാലുപേർ ഹാജരാകാതിരുന്നതിനാൽ ജോൺസന് 215 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്.
അമേരിക്കൻ ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വോട്ടെടുപ്പിന് ശേഷം മൈക് ജോൺസൻ പറഞ്ഞു. പ്രതിസന്ധിയുടെ നാളുകളിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്പീക്കറായിരുന്ന കെവിൻ മക്കാർത്തിയെ ഈമാസം ആദ്യം പുറത്താക്കിയതോടെയാണ് അമേരിക്കയിൽ അനിശ്ചിതത്വം ഉടലെടുത്തത്. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകളുമായി ചേർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് മൂന്ന് പേർ സ്പീക്കറാകാൻ രംഗത്തെത്തിയെങ്കിലും വിജയം കണ്ടില്ല. സ്റ്റീവ് സ്കാലിസ്, ജിം ജോർഡൻ, എമ്മെർ എന്നിവരുടെ ശ്രമമാണ് പരാജയപ്പെട്ടത്.
സ്പീക്കറില്ലാത്തതിനാൽ നിയമങ്ങൾ പാസാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. യുക്രെയ്നും ഇസ്രായേലിനുമുള്ള സഹായ പദ്ധതി പാസാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ കോൺഗ്രസിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, സ്പീക്കറില്ലാത്തതിനാൽ കോൺഗ്രസിന് ഇക്കാര്യം പരിഗണിക്കാൻ കഴിഞ്ഞില്ല. സ്പീക്കറായശേഷം ആദ്യം പരിഗണിക്കുന്ന വിഷയം ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയമായിരിക്കുമെന്ന് ജോൺസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.