വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ്ഹൗസിൽ ഉജ്ജ്വല വരവേൽപ്. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ബഹിരാകാശം, മാലിന്യമില്ലാത്ത ഊർജം, നിർണായക സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന പ്രഖ്യാപനങ്ങളുമുണ്ടായി. വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിലായിരുന്നു ബൈഡൻ-മോദി കൂടിക്കാഴ്ച. പിന്നാലെ പ്രതിനിധിതല ചർച്ച നടന്നു. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഇരുനേതാക്കളും കാണുന്നത്. കഴിഞ്ഞ ദിവസം മോദിക്കായി വൈറ്റ്ഹൗസിൽ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് വിരുന്നുമൊരുക്കിയിരുന്നു.
സൗത്ത് ലോണിലെ ഔദ്യോഗിക ചടങ്ങോടെയാണ് മോദിയുടെ വൈറ്റ്ഹൗസ് പരിപാടികൾ തുടങ്ങിയത്. ഇരു രാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചശേഷം പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി വെടിയൊച്ച മുഴങ്ങി. സമീപത്തു തടിച്ചുകൂടിയ ഇന്ത്യയിൽ വേരുള്ള അമേരിക്കക്കാർ ഇരുരാജ്യങ്ങളെയും പുകഴ്ത്തുന്ന മുദ്രാവാക്യങ്ങൾ മുഴക്കി. ആഗോള നന്മയും സമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും അവരുടെ വൈവിധ്യങ്ങളിൽ അഭിമാനിക്കുന്നവരാണെന്നും മോദി കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടുമുമ്പ് സാധാരണ പൗരനായി അമേരിക്കയിൽ വന്നതും അന്ന് വൈറ്റ്ഹൗസ് പുറത്തുനിന്ന് കണ്ടതും മോദി സ്മരിച്ചു. 21ാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളതെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിക്ക് ബുധനാഴ്ച രാത്രി വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ഡോ. ജിൽ ബൈഡനും സ്വീകരണമൊരുക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര, പ്രോട്ടോക്കോൾ വിഭാഗം ഉപ തലവൻ അസീം വോറ എന്നിവരും മോദിക്കൊപ്പം വൈറ്റ്ഹൗസിലെത്തി. മോദിയും ബൈഡനും ഒരുമിച്ച് അത്താഴം കഴിച്ചു. ഇന്ത്യൻ സംഗീത പരിപാടികളും നടന്നു. ബൈഡനും ഭാര്യക്കും മോദി സമ്മാനങ്ങളും നൽകി. വിവിധ വ്യവസായ പ്രമുഖരുമായും മോദി ചർച്ച നടത്തി. ഇന്ത്യയിൽ കൂടുതൽ യു.എസ് കോൺസുലേറ്റുകൾ തുറക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
നിലവിൽ ഡൽഹിയിൽ യു.എസ് എംബസിയും മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റും പ്രവർത്തിക്കുന്നുണ്ട്. മോദിയും ബൈഡനും സംയുക്ത വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. 2014ൽ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി മാധ്യമപ്രവർത്തകരെ അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.