ജറൂസലം: മുസ്ലിം വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്സയിൽ വിശ്വാസികൾക്കെതിരെ ഇസ്രായേൽ സേനയുടെ അതിക്രമം. ജറൂസലമിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് െവടിവെച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞും നടന്ന സൈനിക അതിക്രമങ്ങളിൽ 178 ഫലസ്തിനികൾക്ക് പരിക്കേറ്റു. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് ഫലസ്തീനികൾ സംഘടിച്ചത്.
ജറൂസലമിൽ മസ്ജിദുൽ അഖ്സയോടുചേർന്ന ശൈഖ് ജർറാഹ് പ്രദേശത്ത് ഫലസ്തീനികളെ ജൂത കുടിയേറ്റത്തിനായി ഒഴിപ്പിക്കാനുള്ള ശ്രമമാണ് സംഘർഷങ്ങളിൽ കലാശിച്ചത്. കാലങ്ങളായി തങ്ങൾക്കു സ്വന്തമായ പ്രദേശത്തുനിന്ന് പുറത്താക്കി പുതിയ കുടിയേറ്റക്കാർക്ക് സൗകര്യപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് ഫലസ്തീനികൾ പറയുന്നു. ഇതിനെതിരെ ജറൂസലമിലും വെസ്റ്റ് ബാങ്കിലും വ്യാപക പ്രതിഷേധവുമായി ഫലസ്തീനികൾ തെരുവിലാണ്.
വെള്ളിയാഴ്ച പ്രാർഥനക്കായി പതിനായിരക്കണക്കിന് ഫലസ്തീനികൾ സംഘടിച്ചിരുന്നു. നമസ്കാരം കഴിഞ്ഞും ജർറാഹിലെ താമസക്കാർക്ക് ഐക്യദാർഢ്യവുമായി ഇവർ മസ്ജിദ് പരിസരത്തുതന്നെ കഴിച്ചുകൂട്ടി. നോമ്പുതുറക്കു ശേഷമാണ് സൈന്യം അതിക്രമം ആരംഭിച്ചത്. കവചിത വാഹനങ്ങളുമായി നിലയുറപ്പിച്ച സുരക്ഷാസേന ജല പീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമം നടത്തുകയായിരുന്നു. പുറത്താക്കൽ ഭീഷണി നിലനിൽക്കുന്ന വീടുകൾക്ക് കാവലൊരുക്കിയാണ് ഫലസ്തീനികൾ സംഘടിച്ചിരുന്നത്.
ശൈഖ് ജർറാഹ് കുടിയൊഴിപ്പിക്കൽ കേസ് ഇസ്രായേൽ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. 1967ൽ ജറൂസലം പിടിച്ചടക്കിയതിന്‍റെ ഓർമകൾ അനുസ്മരിച്ച് ജറൂസലം ദിനം ആചരിക്കുന്ന ദിനമായതിനാൽ കോടതി തങ്ങൾക്കൊപ്പം നിൽക്കുമോ എന്ന ആശങ്ക ഫലസ്തീനികൾക്കുണ്ട്.
പൊലീസ്- സൈനിക അതിക്രമങ്ങളിൽ പരിക്കേറ്റ ചിലരുടെ നില ഗുരുത്രമാണ്. 88 പേരെ റബർ ബുള്ളറ്റ് പരിക്കുമായി ആശുപത്രിയിലാക്കിയതായി ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു. ആറു ഇസ്രായേൽ പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മുസ്ലിം വിശുദ്ധ നഗരത്തിൽ നടക്കുന്ന സംഘർഷങ്ങൾ പൂർണമായി ഇസ്രായേൽ സൃഷ്ടിയാണെന്നും വിഷയം പരിഗണിക്കാൻ യു.എൻ അടിയന്തര യോഗം വിളിക്കണമെന്നും ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
അതേസമയം, ജറൂസലമിൽനിന്ന് നിർബന്ധിത കുടിയൊഴിപ്പിക്കൽ ഇസ്രായേൽ നിർത്തിവെക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. സ്വകാര്യ സ്വത്ത് അധിനിവേശ ശക്തികൾക്ക് കണ്ടുകെട്ടാനാകില്ലെന്നും യു.എൻ മനുഷ്യാവകാശ ഓഫീസ് വക്താവ് റൂപർട്ട് കോൾവിലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.