കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരവാദികൾ നടത്തിയ വെടിവെപ്പിലും ഏറ്റുമുട്ടലിലും സൈനികരും സാധാരണക്കാരുമുൾപ്പെടെ 70 ലേറെ പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച മുസാഖേൽ ജില്ലയിൽ 23 ബസ് യാത്രക്കാരെ ഭീകരർ ആദ്യം വെടിവെച്ച് കൊന്നിരുന്നു. ബസുകളിൽനിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചശേഷമായിരുന്നു കൊല. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 14 സൈനികരും 21 ഭീകരരും കൊല്ലപ്പെട്ടു. ഹൈവേയിൽ 35ഓളം വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
റെയിൽപാതയിൽ സ്ഫോടനത്തെതുടർന്ന് ബലൂചിസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലേക്കും അയൽരാജ്യമായ ഇറാനിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി റെയിൽവേ ഉദ്യോഗസ്ഥൻ മുഹമ്മദ് കാശിഫ് അറിയിച്ചു.
ഹൈവേകളിൽനിന്ന് മാറിനിൽക്കാൻ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സാധാരണക്കാരുടെ വേഷത്തിൽ സഞ്ചരിച്ച സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും തിരിച്ചറിഞ്ഞയുടൻ വെടിവെച്ചതായും സംഘം അവകാശപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ടവർ നിരപരാധികളായ സാധാരണക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ട ബസ് യാത്രക്കാരിൽ ഭൂരിഭാഗവും തെക്കൻ പഞ്ചാബിൽനിന്നുള്ളവരാണ്. ചിലർ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ളവരാണ്. വംശീയ വിദ്വേഷമാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.