കിയവ്/ മോസ്കോ: യുക്രെയ്നും റഷ്യയും തമ്മിലെ പോരാട്ടം രൂക്ഷമായതോടെ ജനം ദുരിതത്തിൽ. യുക്രെയ്നിലെ പവർ ഗ്രിഡിൽ റഷ്യൻ മിസൈൽ പതിച്ചതോടെ രാജ്യം ഇരുട്ടിലാണ്. അതിശൈത്യം അനുഭവിക്കുന്ന യുക്രെയ്നിൽ വൈദ്യുതി നിലച്ചതോടെ ജനം ദുരിതത്തിലായി. തലസ്ഥാന നഗരിയായ കിയവ് അടക്കം രാജ്യത്തിന്റെ പകുതി പ്രദേശങ്ങളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പവർ ഗ്രിഡിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഷട്ട്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതമായി പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു.
തിങ്കളാഴ്ചത്തെ ആക്രമണത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. യുക്രെയ്നിലേക്ക് റഷ്യ മിസൈലുകൾ തൊടുക്കുമ്പോൾ ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്ൻ തിരിച്ചടി. 70ഓളം മിസൈലുകൾ റഷ്യ പ്രയോഗിച്ചെന്നും ബഹുഭൂരിഭാഗവും തകർത്തതായും യുക്രെയ്ൻ അവകാശപ്പെട്ടു. 17 മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇവയെല്ലാം ലക്ഷ്യസ്ഥാനത്ത് പതിച്ചതായും റഷ്യൻ പ്രതിരോധ വിഭാഗം വ്യക്തമാക്കി.
റഷ്യൻ കേന്ദ്രങ്ങളിലേക്ക് ഡ്രോൺ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തി. അതിർത്തി നഗരമായ കുർസ്കിൽ വ്യോമ താവളത്തിനു സമീപം ഇന്ധന ശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. റഷ്യൻ നഗരങ്ങളായ റ്യാസാൻ, സരാതോവ് എന്നിവിടങ്ങളിലെ വ്യോമ താവളങ്ങളിലേക്കും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇവിടെ മൂന്നു റഷ്യൻ ൈസനികർ കൊല്ലപ്പെട്ടു. മഡ്രിഡിനു പിന്നാലെ ഡെന്മാർക്കിലെയും റുമേനിയയിലെയും യുക്രെയ്ൻ എംബസികളിലും സ്ഫോടക വസ്തുക്കൾ അടങ്ങിയ പാക്കേജ് ലഭിച്ചു. യുക്രെയ്ന് 18 ബില്യൺ യൂറോയുടെ ധനസഹായം നൽകാനുള്ള യൂറോപ്യൻ യൂനിയൻ നീക്കത്തെ ഹംഗറി വീറ്റോ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.