യുനൈറ്റഡ് നേഷൻസ്: പാകിസ്താൻ കാവൽ പ്രധാനമന്ത്രി യു.എൻ പൊതുസഭയിൽ കശ്മീർ വിഷയം ഉന്നയിച്ചതിനോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ലോകത്തെ ഏറ്റവുമധികം ഭീകരസംഘടനകളുടെ താവളമായ പാകിസ്താൻ 26/11 മുംബൈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി പീതൽ ഗലോട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കാർ കശ്മീർ വിഷയം പൊതുസഭയിൽ ഉന്നയിച്ചത്.
അന്താരാഷ്ട്രതലത്തിൽ ഭീകരരെന്ന് വിശേഷിപ്പ ഏറ്റവുമധികം സംഘടനകളും വ്യക്തികളും തമ്പടിച്ചിട്ടുള്ള രാജ്യമാണ് പാകിസ്താൻ. സാങ്കേതികമായ വാചകക്കസർത്തിന് പകരം മുംബൈ ആക്രമണം നടത്തിയവർക്കെതിരെ വിശ്വസനീയമായ നടപടി എടുക്കുകയാണ് വേണ്ടത്. 15 വർഷത്തിനുശേഷവും മുംബൈ ഭീകരാക്രമണത്തിലെ ഇരകൾ നീതി കാത്ത് കഴിയുകയാണെന്നും ഗലോട്ട് പറഞ്ഞു.
ദക്ഷിണേഷ്യയിലെ സമാധാനത്തിന് മൂന്ന് കാര്യങ്ങളാണ് പാകിസ്താൻ ചെയ്യേണ്ടത്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്യുക എന്നതാണ് ഒന്നാമത്തേത്. അനധികൃത അധിനിവേശം നടത്തിയ ഇന്ത്യൻ പ്രദേശങ്ങളിൽനിന്ന് പിൻവാങ്ങുക എന്നതാണ് രണ്ടാമത്തെ നടപടി. പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക എന്നതാണ് മൂന്നാമതായി ചെയ്യേണ്ടതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.