ബ്വേനസ് ഐറിസ്: പ്രായം 60ൽ നിൽക്കെ ഹൃദയാഘാതത്തെ തുടർന്ന് വിടവാങ്ങിയ കാൽപന്ത് ഇതിഹാസം ഡീഗോ മറഡോണയൂടെ ചികിത്സയിൽ അലംഭാവം കാട്ടിയ എട്ടു ഡോക്ടർമാർക്കെതിരെ കൊലക്കുറ്റം. മസ്തിഷ്ക ശസ്ത്രക്രിയ വിദഗ്ധൻ ലിയോപോൾഡോ ലൂക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, മറ്റു മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, ആശുപത്രി ഉടമ എന്നിവർക്കെതിരെയാണ് ഗുരുതര കുറ്റം ചുമത്തിയത്.
ശസ്ത്രക്രിയക്കുശേഷം തുടർ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചത് ശസ്ത്രക്രിയയിലൂടെ നീക്കിയ ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ 2020 നവംബർ 25നായിരുന്നു മറഡോണ ഹൃദയാഘാതം വന്ന് മരണത്തിന് കീഴടങ്ങുന്നത്. പോസ്റ്റ് മോർട്ടത്തിൽ അസ്വാഭാവികതകൾ കണ്ടില്ലെങ്കിലും രണ്ടു മക്കളുടെ പരാതിയിൽ 20 അംഗ വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലായിരുന്നു ഡോക്ടർമാരുടെ വീഴ്ച തിരിച്ചറിഞ്ഞത്. മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നുവെങ്കിൽ താരത്തിന് അതിജീവന സാധ്യതയുണ്ടായിരുന്നതായും മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി.
കേസിൽ വിചാരണ 2023 അവസാനത്തിലോ 2024 ആദ്യത്തിലോ ആകും ആരംഭിക്കുക. 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എട്ടു പേർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ മുൻനിരയിലുള്ള ഡീഗോയുടെ കരുത്തിലാണ് അർജന്റീന 1986ൽ ലോക ചാമ്പ്യന്മാരാകുന്നത്. കരിയറിന്റെ രണ്ടാം പകുതിയിൽ മയക്കുമരുന്നിന്റെ പിടിയിലായി വിലക്കും ചികിത്സയുമായി കഴിഞ്ഞതിനൊടുവിൽ തിരികെയെത്തിയെങ്കിലും തലച്ചോറിലെ ശസ്ത്രക്രിയക്കു ശേഷം ഹൃദയാഘാതം വന്ന് വിടവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.