ന്യൂയോർക്ക്: ഷിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്‌ലിംകളെ തടവിൽ പാർപ്പിച്ചതിൻെറ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തക മേഘ രാജഗോപാലന് പുലിസ്റ്റർ അവാർഡ്. ആയിരക്കണക്കിന് മുസ്‌ലിംകളെ തടവിലാക്കാൻ ചൈന രഹസ്യമായി നിർമിച്ച ജയിലുകളുടെയും തടങ്കൽപ്പാളയങ്ങളുടെയും അവിടത്തെ സൗകര്യങ്ങളുടെയും വിവരങ്ങൾ തുറന്നുകാട്ടിയ അന്വേഷണ റിപ്പോർട്ടുകൾക്കാണ് പുലിറ്റ്‌സർ പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ മികച്ച ജേണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ബസ്സ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ.
ഇവരുടെ സിൻജിയാങ് പരമ്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണ് പുരസ്‌കാരത്തിന് അർഹമായത്. 2017ലാണ് മേഘ സിൻജിയാങ് സന്ദർശിക്കുന്നത്. ഈ കാലഘട്ടത്തിൽ തടങ്കൽ പാളയങ്ങൾ ഇല്ലെന്നായിരുന്നു ചൈനീസ് വാദം. എന്നാൽ, മേഘയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അവരുടെ വിസ റദ്ദാക്കുകയും ചൈനയിൽനിന്ന് പുറത്താക്കുകയും ചെയ്തു.
ഇതിനുശേഷവും ലണ്ടനിൽനിന്ന് മേഘ തടങ്കൽ പാളയങ്ങൾ സംബന്ധിച്ച അന്വേഷണം തുടർന്നു. ഇവരെ സഹായിക്കാൻ രണ്ടുപേരും കൂടെയുണ്ടായിരുന്നു. വാസ്തുവിദ്യയുടെ ഫോറൻസിക് വിശകലനത്തിലും കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിലും വിദഗ്ധനായ ലൈസൻസുള്ള ആർക്കിടെക്റ്റ് അലിസൺ കില്ലിംഗ്, ഡാറ്റാ ജേണലിസ്റ്റുകൾക്ക് അനുയോജ്യമായ സോഫ്റ്റവെയറുകൾ നിർമിക്കുന്ന പ്രോഗ്രാമർ ക്രിസ്റ്റോ ബുഷെക് എന്നിവരായിരുന്നു സഹായികൾ.
സിൻജിയാങ് മേഖലയിലെ ആയിരക്കണക്കിന് ഉപഗ്രഹ ചിത്രങ്ങൾ ഇവർ വിശകലനം ചെയ്തു. ഒരു ലക്ഷം ഉയ്ഗൂർ, കസാഖ്, മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെ ചൈനീസ് ഉദ്യോഗസ്ഥർ എവിടെയാണ് പാർപ്പിക്കുന്നതെന്ന് മനസ്സിലാക്കാനായി മാസങ്ങളോം ഇവർ പ്രയത്നിച്ചു. സെൻസർ ചെയ്ത ചൈനീസ് ചിത്രങ്ങളെ സെൻസർ ചെയ്യാത്ത മാപ്പിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് താരതമ്യപ്പെടുത്തി. ഇങ്ങനെ 50,000 സ്ഥലങ്ങളുടെ ചിത്രങ്ങൾ അവർക്ക് ലഭിച്ചു.
ആ ചിത്രങ്ങളെ അപഗ്രഥിക്കാൻ ബുഷെക് പ്രത്യേക സോഫ്റ്റ്വെയർ ഒരുക്കി. തുടർന്ന് ഇവർ ഓരോ ചിത്രങ്ങളും പരിശോധിച്ചു. ഇതിൽനിന്ന് 260 തടങ്കൽപ്പാളയങ്ങൾ ഇവർ തിരിച്ചറിഞ്ഞു. ചില സ്ഥലങ്ങളിൽ പതിനായിരത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. ചിലത് ഫാക്ടറികളാണ്. തടങ്കൽ പാളയത്തിലുള്ളവരെ വെച്ചാണ് ഇവിടെ ജോലി ചെയ്യിപ്പിക്കുന്നത്.
ചൈനയിൽ നിന്ന് വിലക്കപ്പെട്ട രാജഗോപാലൻ അയൽ രാജ്യമായ കസാക്കിസ്ഥാനിലേക്ക് പോവുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവിടെ അഭയം തേടിയ ചൈനീസ് മുസ്‌ലിംകളെ അവർ നേരിട്ട് കണ്ടു. അവരുടെ തടങ്കൽ പാളയത്തിലെ അനുഭവങ്ങളും പ്രസിദ്ധീകരിച്ചു.
21 വിഭാഗങ്ങളിലാണ് പുലിറ്റ്‌സർ സമ്മാനം വർഷം തോറും നൽകുന്നത്. 20 വിഭാഗങ്ങളിൽ ഓരോ വിജയിക്കും സർട്ടിഫിക്കറ്റും 15,000 യു.എസ് ഡോളർ ക്യാഷ് അവാർഡും ലഭിക്കും. പബ്ലിക് സർവിസ് വിഭാഗത്തിലെ വിജയിക്ക് സ്വർണ മെഡലാണ് സമ്മാനം.
ഇത്തവണ ബ്രേക്കിങ് ന്യൂസിനുള്ള പുരസ്കാരം സ്റ്റാർ ട്രിബ്യൂൺ കരസ്ഥമാക്കി. ജോർജ് ഫ്ലോയിഡിൻെറ കൊലപാതകം റിപ്പോർട്ട് ചെയ്തതിനാണ് പുരസ്കാരം. ജോർജ് ഫ്ലോയിഡിൻെറ മരണ ശേഷമെടുത്ത അമേരിക്കൻ നഗരങ്ങളിലെ ചിത്രങ്ങൾ അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കി.
അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകർ പങ്കിട്ടു. കോവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മാധ്യമ മേഖലയിൽ നിന്നല്ലാതെ മറ്റൊരാൾ കൂടി ഇത്തവണ പുലിറ്റ്സര്‍ പുരസ്‌കാരത്തിന് അർഹയായി. ജോർജ് ഫ്ലോയിഡിൻെറ കൊലപാതക രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച കൗമാരക്കാരി ഡാർനേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമർശം. ഡാർനേലയുടെ ഇടപെടൽ പുതുതലമുറക്ക് മാതൃകയാണെന്ന് അവാർഡ് സമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.