യാംഗോൻ: ജനകീയ പ്രക്ഷോഭകർക്കെതിരെ സൈനിക അതിക്രമം കൊടുമ്പിരികൊള്ളുന്ന മ്യാന്മറിൽനിന്ന് അയൽരാജ്യമായ തായ്ലൻഡിലേക്ക് അഭയാർഥി പ്രവാഹം. ഞായറാഴ്ച വിദ്യാർഥികളും കുട്ടികളും ഉൾപ്പെടെ 3000 പേരാണ് ജീവിത സമ്പാദ്യങ്ങളുമേന്തി ഇരുരാജ്യങ്ങൾക്കുമിടയിലൂടെ ഒഴുകുന്ന സൽവീൻ നദി കടന്ന് തായ്ലൻഡിലെ മാ ഹോങ്സോൻ പ്രവിശ്യയിലെത്തിയത്. പ്രതിഷേധക്കാരെ തെരുവിൽ വെടിവെച്ചുവീഴ്ത്തിവന്ന സൈനിക ഭരണകൂടം ഞായറാഴ്ച അർധരാത്രി മുതൽ വ്യോമാക്രമണവും ആരംഭിച്ചതായി ജീവകാരുണ്യ സംഘടനയായ ഫ്രീ ബർമ റേഞ്ചേഴ്സ് വെളിപ്പെടുത്തി.
ആക്രമണ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽനിന്ന് കൂടുതൽ പേർ എത്തുമെന്നിരിക്കെ ഭരണകൂടം അതിനായി ക്രമീകരണങ്ങൾ ആരംഭിച്ചതായി തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒാച വ്യക്തമാക്കി. കൂട്ടപ്പലായനം അനുവദിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും മനുഷ്യാവകാശങ്ങളെ പരിഗണിക്കുകതന്നെ ചെയ്യുമെന്നറിയിച്ച അദ്ദേഹം, അഭയാർഥികൾക്കായി ഒരുക്കിയ സംവിധാനങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.
കരേൻ ഗ്രാമത്തിൽനിന്ന് 10,000 പേരെങ്കിലും ഒഴിഞ്ഞുപോകുമെന്നാണ് കരുതപ്പെടുന്നത്. സ്വയംഭരണം ആവശ്യപ്പെട്ട് പൊരുതുന്ന കരേൻ സമൂഹം മ്യാന്മർ സൈന്യത്തിെൻറ ഒൗട്ട്പോസ്റ്റ് പിടിച്ചടക്കിയതിനു തിരിച്ചടിയായി നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുഞ്ഞിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആളപായമില്ലെന്നാണ് ഫ്രീ ബർമ റേഞ്ചേഴ്സിെൻറ നിഗമനം. മ്യാന്മർ സായുധസേന ദിനമായിരുന്ന മാർച്ച് 27ന് മാത്രം 114 പേരെയാണ് സൈന്യം വധിച്ചത്.
ഐസോൾ (മണിപ്പൂർ): ആഭ്യന്തര യുദ്ധം രൂക്ഷമാവുന്ന അയൽരാജ്യമായ മ്യാന്മറിൽനിന്ന് പലായനം ചെയ്തെത്തുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ഇന്ത്യ. അഭയാർഥികളായെത്തുന്നവർക്ക് താമസ സൗകര്യമോ ഭക്ഷണമോ ഒരുക്കേെണ്ടന്നാണ് മണിപ്പൂർ അഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം. മ്യാന്മറിൽനിന്ന് അനധികൃതമായി എത്തുന്നവരെ തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിക്കുന്ന സർക്കുലർ അഞ്ച് അതിർത്തി ജില്ലകളുടെ ഡെപ്യൂട്ടി കമീഷണർമാർക്ക് കൈമാറിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കടുത്ത പരിക്കുകളുമായി എത്തുന്നവർക്ക് മാനുഷിക പരിഗണന നൽകാമെങ്കിലും അഭയാർഥികളെ മാന്യമായി മടക്കിയയക്കാനാണ് നിർദേശം. മ്യാന്മറുമായി 1643 ഇടങ്ങളിൽ അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് പേർ മുൻകാലങ്ങളിൽ അഭയം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.