ബെയ്ജിങ്: വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നൽകി ചൈനയിൽ നിഗൂഢമായ ഒരു ന്യൂമോണിയ പടർന്ന് പിടിക്കുന്നു. കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. കോവിഡ് മഹാമാരിയുടെ നാളുകൾക്ക് ശേഷം ചൈനയിൽ ആശുപത്രികൾ നിറയുകയാണെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. അസുഖങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങൾ ചൈനയിയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്.
"കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല’’– പ്രോമെഡ് സൂചിപ്പിച്ചു. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമാണ് പ്രോമെഡ്.
കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കിയതും ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളിൽ ഒരു സാധാരണ ബാക്ടീരിയ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ഉൾപ്പെടെയുള്ള അറിയപ്പെടുന്ന രോഗകാരികളുടെ രക്ത ചംക്രമണവുമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവിന് കാരണമായി ചൈനീസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ചൈനയിലും ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.