വാഷിങ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തിയ നാല് സഞ്ചാരികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരറ്റ്, ജാനറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബൻകിൻ എന്നിവരാണ് ഏഴുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്നലെ തിരിച്ചെത്തിയത്.
പരിശോധനക്കായി നാലുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിൽ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ തിരിച്ചയച്ചു. എന്നാൽ, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒരാളെ കൂടുതൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് നാസ അറിയിച്ചു.
ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ സ്പേസ് എക്സ് പേടകത്തിൽ ഫ്ലോറിഡ തീരത്തിനുസമീപമാണ് നാലുപേരും ഇന്നലെ നിലംതൊട്ടത്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെ നാലുപേർ മാത്രമാണ് ഇനി ബഹിരാകാശ നിലയത്തിൽ അവശേഷിക്കുന്നത്. ഇവർ അടുത്ത വർഷം ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ എത്തിയ നാലംഗ സംഘം രണ്ട് മാസം മുമ്പ് മടക്കയാത്രക്ക് ഒരുങ്ങിയതാണ്. എന്നാൽ, ബോയിങ് സ്റ്റാർലൈനറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.