വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസും ബുച്ച് വിൽമോറും സ്പെസ് എക്സിന്റെ പേടകത്തിൽ മടങ്ങുമെന്ന് സൂചന നൽകി നാസ. 10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തിലെത്തിയ ഇരുവരും 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ നൽകുന്ന സൂചന. ഇരുവരുടേയും ദൗത്യത്തിന്റെ കാലാവധി നീട്ടാനും നാസ തീരുമാനിച്ചിട്ടുണ്ട്.
ജൂൺ മാസത്തിലാണ് സുനിത വില്യംസും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. തുടർന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ തകരാർ മൂലം ഇരുവരുടേയും മടക്കയാത്ര വൈകുകയായിരുന്നു. ഇപ്പോഴും സ്റ്റാർലൈനറിലെ യാത്ര സുരക്ഷിതമല്ലെന്നാണ് നാസയുടെ വിലയിരുത്തൽ. ഹീലിയം ചോർച്ചയാണ് പേടകം നേരിടുന്ന പ്രധാന പ്രശ്നം.
എട്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്താനാണ് സുനിത വില്യംസും വിൽമോറും ലക്ഷ്യമിട്ടത്. എന്നാൽ, പേടകത്തിന്റെ തകരാർ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ രണ്ട് സീറ്റുകൾ ഒഴിച്ചിടാനുള്ള ചർച്ചകൾ നാസ കമ്പനിയുമായി തുടങ്ങിയെന്നാണ് റിപ്പോർട്ട്. സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഭാഗമായിട്ടാവും പേടകം ശാസ്ത്രജ്ഞരുമായി ബഹിരാകാശത്തേക്ക് കുതിക്കുക. 2024 സെപ്റ്റംബറിലാവും പേടകത്തിന്റെ വിക്ഷേപണം നടത്തുക. 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് തിരിച്ചെത്തും.
അതേസമയം, ഇരുവരും സ്റ്റാർലൈനറിൽ മടങ്ങിയില്ലെങ്കിൽ അത് ബോയിങ്ങിനും കനത്ത തിരിച്ചടിയുണ്ടാക്കും.
സ്റ്റാർലൈനർ പേടകത്തിന്റെ നിർമാണത്തിനായി 1.6 ബില്യൺ ഡോളർ 2016ന് ശേഷം ബോയിങ് ചെലവഴിച്ചിട്ടുണ്ട്. ഇതിൽ ഈ മിഷന് വേണ്ടി മുടക്കിയ 125 മില്യൺ ഡോളറും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.