ബ്രസൽസ്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നിന് നാറ്റോ സഖ്യം പിന്തുണ തുടരാൻ സാധ്യത. എന്നാൽ, നാറ്റോ അംഗത്വത്തിനുവേണ്ടി യുക്രെയ്ൻ ഇനിയും കാത്തിരിക്കേണ്ടിവരും. അടുത്ത ഒരു വർഷത്തേക്കുകൂടി യുക്രെയ്ന് ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
ഇക്കാര്യത്തിൽ ചൊവ്വാഴ്ച വാഷിങ്ടണിൽ നടക്കുന്ന നാറ്റോ സഖ്യരാജ്യങ്ങളുടെ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ തീരുമാനമാകും. സഖ്യത്തിന്റെ 75ാം വാർഷികമാണിത്. യുക്രെയ്ൻ പ്രസിഡന്റ് വോളോദമിർ സെലൻസ്കിയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. റഷ്യൻ ആക്രമണം തുടങ്ങിയശേഷം ഓരോ വർഷവും നാറ്റോ സഖ്യം 43 ബില്യൻ യു.എസ് ഡോളറാണ് യുക്രെയ്നിന് നൽകുന്നത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് തുക പങ്കുവെക്കാറാണുള്ളത്. യു.എസും ബ്രിട്ടനുമുൾപ്പെടെ 32 അംഗസഖ്യ രാജ്യങ്ങളിൽ പലതിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുണ്ട്. യുക്രെയ്നിന് നാറ്റോ അംഗത്വം നൽകാനിടയില്ലെങ്കിലും ഒറ്റക്കെട്ടായ പിന്തുണ ആവർത്തിക്കാനായിരിക്കും ഇത്തവണ ശ്രമം. അമേരിക്കൻ പ്രസിഡന്റായിരിക്കെ സഖ്യകക്ഷികൾക്കിടയിലെ വിശ്വാസം നഷ്ടപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവ് പുതിയ ആശങ്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.