കൂടുതൽ രാജ്യങ്ങൾക്ക് നാറ്റോ അംഗത്വം; തടയാൻ റഷ്യ

മോസ്കോ: നാറ്റോയിൽ കൂടുതൽ രാജ്യങ്ങൾ അംഗത്വം നേടുന്നത് തടയാൻ റഷ്യ. നാറ്റോയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച ഫിൻലൻഡിലേക്കു വൈദ്യുതി നൽകുന്നത് നിർത്തിയതായി റഷ്യൻ കമ്പനി അറിയിച്ചു. അതിർത്തികളിൽ നാറ്റോ ആണവസേനയെ വിന്യസിച്ചാൽ അനിവാര്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സൂചന നൽകി.

അതിനിടെ, സ്വീഡനും ഫിൻലൻഡും നാറ്റോ അംഗങ്ങളാകുന്നതിൽ എതിർപ്പു പ്രകടിപ്പിച്ച തുർക്കിയുമായി ചർച്ച നടത്തുമെന്ന് യു.എസ് വ്യക്തമാക്കി. യുക്രെയ്നിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ രംഗത്തെത്തി. റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവുമായി നടത്തിയ സംഭാഷണത്തിലാണ് ഓസ്റ്റിൻ ഈ ആവശ്യം ഉന്നയിച്ചത്.

നാറ്റോ അംഗത്വം ലഭിക്കാൻ ഉടൻ അപേക്ഷ നൽകുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് സവുലി നിനിസ്റ്റോ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ ഫിൻലൻഡിന്റെ സുരക്ഷ സാഹചര്യം മാറിയതിനെ കുറിച്ചും ടെലിഫോൺ ചർച്ചയിൽ നിനിസ്റ്റോ പുടിനെ ബോധ്യപ്പെടുത്തി. റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തിയാണ് ഫിൻലൻഡ് പങ്കിടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യവും ഫിൻലൻഡാണ്. നാറ്റോയിൽ ചേരുന്നതു സംബന്ധിച്ച് ഫിൻലൻഡ് ഞായറാഴ്ച തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - NATO membership for more countries; Russia to stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.