ലിവിവ്: യുദ്ധത്തിൽ കനത്ത ആക്രമണം തുടരുന്ന യുക്രെയ്ൻ നഗരങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. മരിയുപോളിൽ ഭക്ഷണവും വെള്ളവും മരുന്നുകളും പൂർണമായും തീർന്നുകഴിഞ്ഞു. രണ്ടുലക്ഷത്തിലേറെ സാധാരണക്കാരാണ് പുറത്തേക്കുള്ള വഴി തേടി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കിയവിനു നേർക്ക് വൻ സൈനികനടപടിക്ക് റഷ്യ ഒരുങ്ങുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. നഗരത്തിനു നേർക്കുള്ള ഷെല്ലിങ് കഴിഞ്ഞ മണിക്കൂറുകളിൽ കടുപ്പിച്ചിട്ടുണ്ട്.
ഇടതടവില്ലാതെ ഷെല്ലിങ് തുടരുന്ന ഇർപിനിൽനിന്ന് 2000ത്തോളം സിവിലിയന്മാർ രക്ഷപ്പെട്ടു. യാത്രക്കിടെ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. തെക്കൻ നഗരമായ മൈകോലേവിൽ പീരങ്കി ആക്രമണം തുടരുകയാണ്. വീടുകളും സിവിലിയൻ കെട്ടിടങ്ങളും തകർക്കപ്പെട്ടു. റഷ്യൻ അധിനിവേശം തുടർന്നാൽ കുറഞ്ഞത് 50 ലക്ഷം പേരെങ്കിലും അഭയാർഥികളാകുമെന്ന് യൂറോപ്യൻ യൂനിയൻ ആശങ്ക പ്രകടിപ്പിച്ചു.
പല നഗരങ്ങളിലെയും മരണസംഖ്യയും അവ്യക്തമായി തുടരുകയാണ്. ഖാർകിവിൽ തിങ്കളാഴ്ച മാത്രം 209 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇതിൽ 133 പേരും സിവിലിയന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.