തെൽഅവീവ്: ഗസ്സയിൽ തുടരുന്ന അക്രമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഫലസ്തീൻ പൗരനായ പാർലമെന്‍റ് അംഗം. നെതന്യാഹു സമാധാനത്തിന്‍റെ സീരിയൽ കില്ലറാണെന്ന് പാർലമെന്‍റായ നെസറ്റിനെ അഭിസംബോധന ചെയ്യവെ അയ്മാൻ ഒദേഹ് ചൂണ്ടിക്കാട്ടി.
അയ്മാൻ വിമർശനം നടത്തുമ്പോൾ നെതന്യാഹു പാർലമെന്‍റിൽ ഉണ്ടായിരുന്നു. ഇസ്രായേലിലെ രാഷ്ട്രീയ പാർട്ടിയായ ഹദാഷ്-താൽ ലിസ്റ്റിന്‍റെ അധ്യക്ഷനാണ് അയ്മാൻ ഒദേഹ്.
'നിങ്ങളുടെ സംവിധാനം ഗസ്സയിലെ 17,385 കുട്ടികളെ കൊല ചെയ്തു. ഇതിൽ 825 പേർ ഒരു വയസിന് താഴെ പ്രായമുള്ളവരാണ്. 35,055 കുട്ടികൾ അനാഥരായി. കൊല്ലപ്പെട്ടവരുടെ രക്തം നിങ്ങളെ വേട്ടയാടും. നിങ്ങൾ ധിക്കാരം അവസാനിപ്പിക്കണം. രാജ്യാന്തര ക്രിമിനൽ കോടതി മുമ്പാകെ നിങ്ങൾ കുറ്റവാളിയാണ്. എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്. കഴിഞ്ഞ 30 വർഷമായി നിങ്ങൾ സമാധാനത്തിന്‍റെ സീരിയൽ കില്ലർ ആണ്' -അയ്മാൻ ഒദേഹ് പറഞ്ഞു.
പാർലമെന്‍റ് സമ്മേളനം നിയന്ത്രിക്കുന്ന സ്പീക്കർ പ്രസംഗം തടയാൻ ശ്രമിച്ചെങ്കിലും അയ്മാൻ കടുത്ത വിമർശനം തുടർന്നു. ഉടൻ തന്നെ സ്പീക്കർ സുരക്ഷാ ജീവനക്കാരെ വിളിച്ചു വരുത്തുകയും അയ്മാനെ സ്ഥലത്ത് നിന്ന് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. പ്രസംഗം തടസപ്പെടുത്തിയ സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ചാണ് അയ്മാനെ പ്രസംഗപീഠത്തിന് മുമ്പിൽ നിന്ന് നീക്കിയത്.
സുരക്ഷാ ജീവനക്കാരുടെ നടപടിയിൽ പാർലമെന്‍റ് അംഗങ്ങളിൽ ചിലർ ശബ്ദമുയർത്തി പ്രതിഷേധിക്കുകയും ചെയ്തു. അയ്മാനെ ബലം പ്രയോഗിച്ച് നീക്കുന്നതിന്‍റെയും പ്രതിഷേധത്തിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.