ഒക്ടോബർ 7 അന്വേഷിക്കാൻ കമീഷൻ രൂപീകരിക്കുന്നതിനെതിരെ നെതന്യാഹു

തെൽ അവീവ്: ‘ഓ​പ​റേ​ഷ​ൻ അ​ൽ അ​ഖ്‌​സ ഫ്ല​ഡ്’ എ​ന്ന പേരിൽ 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കമീഷൻ രൂപീകരിക്കുന്നത് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു എതിർക്കുന്നതായി റിപ്പോർട്ട്. അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നത് നിരോധിക്കുന്ന നിയമനിർമ്മാണം നടത്താനാണ് നെതന്യാഹുവിന്‍റെ ശ്രമമെന്ന് ഇസ്രായേൽ ടെലിവിഷൻ ചാനലായ ചാനൽ 13 റിപ്പോർട്ട് ചെയ്തു.

ഹമാസ് ആക്രമണം സാധ്യമാക്കിയ ഇസ്രായേൽ സർക്കാറിന്‍റെ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷൻ സ്ഥാപിക്കുന്നത് നെതന്യാഹു ആവർത്തിച്ച് മാറ്റിവെക്കുകയാണ്. ഗസ്സയിലെ സൈനിക നീക്കം പൂർത്തിയാകുന്നത് വരെ ഒരു അന്വേഷണവും വേണ്ടെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.

രാഷ്ട്രീയ പാർട്ടികളുടെ സമിതിയല്ലാതെ ഹമാസിന്‍റെ ആക്രമണത്തെക്കുറിച്ച് മറ്റാരും അന്വേഷിക്കുന്നത് നിയമവിരുദ്ധമാക്കണമെന്ന നിയമനിർമ്മാണത്തിന്‍റെ കരട് നിർദ്ദേശത്തെക്കുറിച്ച് മറ്റൊരു ഇസ്രായേൽ മാധ്യമമായി വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗത്തിന് ഇസ്രായേലിൽ വൻവീഴ്ച സംഭവിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഗസ്സ അതിർത്തിയിൽ പടനീക്കം നടക്കുന്നത് അധികൃതർക്ക് റിപ്പോർട്ട് ചെയ്തതായി ഇസ്രായേലി സൈനികനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മാത്രമല്ല, ഹമാസ് ആക്രമണം നിക്ഷേപകർ നേരത്തേ അറിഞ്ഞെന്ന് യു.എസ് ഗവേഷക സംഘം വെളിപ്പെടുത്തിയിരുന്നു. ന്യൂയോർക് യൂനിവേഴ്സിറ്റിയിലെ പ്രഫസർ റോബർട്ട് ജാക്സൺ ജൂനിയർ, കൊളംബിയ യൂനിവേഴ്സിറ്റിയിലെ ജോഷ്വ മിറ്റ്സ് എന്നിവരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നത്.

Tags:    
News Summary - Netanyahu to ban formation of state committee of inquiry into October 7 attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.