നെ​ത​ന്യാ​ഹുവിന്റെ സന്ദർശനം: യു.​എ​സ് പാർലമെന്റിന് മുന്നിൽ കൂറ്റൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭം

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെ​ത​ന്യാ​ഹു യു.​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുമ്പോൾ യു.എസ് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ കൂറ്റൻ ഫലസ്തീൻ അനുകൂല പ്രക്ഷോഭം. ഇസ്രായേലിന് സൈനിക സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആയിരക്കണക്കിനാളുകൾ ഫലസ്തീൻ പതാകകളേന്തി സംഘടിച്ചത്. പ്ലക്കാർഡുകളും ബാനറുകളുമായെത്തിയ പ്രക്ഷോഭകർ നെതന്യാഹുവിനും ഇസ്രായേലിനുമെതിരെ മുദ്രാവാക്യങ്ങളുയർത്തുകയും നെതന്യാഹുവിന്റെ കോലം കത്തിക്കുകയും ചെയ്തു. പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ച പ്രക്ഷോഭകർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗവും ഉണ്ടായി.


ഫലസ്തീനെതിരായ ആക്രമണത്തിനുള്ള പിന്തുണ ശക്തമാക്കൽ കൂടി ലക്ഷ്യമിട്ടാണ് നെതന്യാഹുവിന്റെ യു.എസ് സന്ദർശനം. ഫലസ്തീനികളെ കൊന്നൊടുക്കുന്നതിലുള്ള പ്ര​തി​ഷേ​ധം അറിയിച്ചും മു​മ്പേ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും ചി​ല അം​ഗ​ങ്ങ​ൾ നെ​ത​ന്യാ​ഹുവിന്റെ പ്രസംഗം ബഹിഷ്‍കരിക്കുമെന്ന് അ​റി​യി​ച്ചി​രുന്നു. വ്യാഴാഴ്ച പ്രസിഡന്റ് ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്ന നെതന്യാഹു വെള്ളിയാഴ്ച മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെയും കാണുന്നുണ്ട്.


അതേസമയം, ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നെതന്യാഹു യു.എസ് കോ​ൺഗ്രസിൽ സംസാരിക്കെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ‘സ്വവർഗാനുരാഗികളെ ക്രെയിനിൽ തൂക്കിയിടുകയും മുടി മറക്കാത്തതിന്റെ പേരിൽ സ്ത്രീകളെ കൊല്ലുകയും ചെയ്യുന്ന ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുമ്പോൾ, നിങ്ങൾ ഔദ്യോഗികമായി ഇറാന്റെ ഉപയോഗപ്രദമായ വിഡ്ഢികളായി മാറിയിരിക്കുന്നു’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

ഒ​മ്പ​തു മാ​സ​മാ​യി തു​ട​രു​ന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 40,000ത്തോളം ഫ​ല​സ്തീ​നി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 90,000ത്തിലധികം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Tags:    
News Summary - Netanyahu's visit: Massive pro-Palestinian protest in front of US Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.