യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വത്തിൽനിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിൻവലിഞ്ഞ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചതോടെ വൻശക്തി രാഷ്ട്രത്തിന്റെ നായകത്വത്തിനുള്ള മത്സരം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. റിപ്പബ്ലിക്കൻ പാർട്ടി ഇതിനകം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്. അടുത്ത മാസം 19നു ചേരുന്ന ഡെമോക്രാറ്റുകളുടെ കൺവെൻഷനിൽ കമല ഹാരിസിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്യുന്നതോടെ അമേരിക്കൻ അങ്കത്തിന്റെ ചിത്രം വ്യക്തമാകും. നിലവിലെ സൂചനകൾവെച്ച് ഡെമോക്രാറ്റ് നറുക്ക് കമല ഹാരിസിന് തന്നെ വീഴാനാണ് സാധ്യത. മാസങ്ങൾ നീണ്ട പ്രക്രിയയാണ് അമേരിക്കൻ തെരഞ്ഞെടുപ്പിനുള്ള പാർട്ടികളുടെ സ്ഥാനാർഥി നിർണയം. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളുടെ പിന്തുണ തേടി അവസാനം പാർട്ടി കൺവെൻഷനിൽ ഔദ്യോഗിക സ്ഥാനാർഥിത്വത്തിൽ കലാശിക്കുന്ന ഈ പ്രക്രിയയിൽ ഇത്ര നാൾ സ്ഥാനാർഥിത്വത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ജോ ബൈഡൻ.
അദ്ദേഹത്തിന്റെ പിന്മാറ്റം എന്തിനാണ് എന്നതിനേക്കാൾ അതിത്ര വൈകിയതെന്ത് എന്ന ചോദ്യമാണ് പ്രസക്തം. രാഷ്ട്രഭരണം നയിക്കുന്നതിനാവശ്യമായ മാനസികാരോഗ്യമോ ചടുലതയോ അദ്ദേഹത്തിന് നേരത്തെതന്നെ നഷ്ടപ്പെട്ടിരുന്നു. 78ാം വയസ്സിൽ ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന സവിശേഷതയോടെ അധികാരമേറ്റ ബൈഡൻ വാർധക്യസഹജമായ അമളികളും അബദ്ധോക്തികളും ആവർത്തിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ തന്നെ അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ട്രംപിനെതിരെ ടി.വി സംവാദങ്ങളിൽ ഒന്നിനുപിറകെ ഒന്നായി ദുർബലനായ ഒരു ബൈഡനാണ് പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച അന്തിമ തീരുമാനം ബൈഡൻ പ്രഖ്യാപിക്കുമ്പോഴേക്ക് ട്രംപ് ഏറെ മേൽക്കൈ നേടിയിരുന്നു. ജൂലൈ 13 നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പും അതിൽ നിന്ന് രക്ഷപ്പെട്ട ശേഷമുള്ള വാക്കുകളും പെരുമാറ്റവും ട്രംപിനുള്ള പിന്തുണ വർധിപ്പിക്കുന്നുണ്ടെന്നാണ് നിരീക്ഷക മതം.
അമേരിക്ക ഇന്ന് മുമ്പത്തെയത്ര ലോകഗതി നിയന്ത്രിക്കുന്ന നിർണായക ശക്തിയല്ലെങ്കിലും ചില വിഷയങ്ങളിലെ നയങ്ങൾ വർത്തമാന പ്രസക്തി ഉള്ളവയാണ്. യുക്രെയ്ൻ പ്രതിസന്ധിയിലും ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിലും കമല ഹാരിസിന്റെ വീക്ഷണങ്ങൾ ബൈഡന്റേതിൽനിന്ന് ഒട്ടുമേ വ്യത്യസ്തമല്ല. എങ്കിലും ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേരെ അൽപംകൂടി അനുകമ്പ പ്രകടിപ്പിച്ചിട്ടുണ്ട് കമല. ഇന്ത്യൻ വംശജയായ മാതാവിന്റെയും ജമൈക്കൻ പിതാവിന്റെയും മകളായി ജനിച്ച കമലക്ക് അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിത സ്ഥാനാർഥിയെന്ന സവിശേഷതക്കൊപ്പം, വളർന്ന സാഹചര്യങ്ങളിലെ സജീവ ജൂത സാന്നിധ്യവും കൂടിയുണ്ട്. ജീവിത പങ്കാളിയും യഹൂദ സമൂഹത്തിൽ നിന്നുള്ളയാൾ. എന്നിരിക്കിലും അതൊന്നും അവരെ കടുത്ത ഇസ്രായേൽ പക്ഷപാതത്തിലേക്ക് നയിച്ചിട്ടില്ല എന്നാണു പലരും വായിക്കുന്നത്. ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ, ഇസ്രായേലിനു സ്വയം സംരക്ഷണത്തിനുള്ള അവകാശമുണ്ടെന്ന വാദമാണ് ബൈഡനെപ്പോലെ കമലയും പ്രകടിപ്പിച്ചത്. പിന്നീടാണ് ഗസ്സ ദുരിതങ്ങൾകണ്ട് അതിനോട് പ്രതികരിച്ചത്. എന്നാൽ, ഒരർഥത്തിൽ ഇസ്രായേൽ ഇന്ന് അമേരിക്കൻ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമല്ല എന്നുവേണം പറയാൻ. നാണ്യപ്പെരുപ്പവും കുടിയേറ്റ പ്രശ്നങ്ങളുംപോലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് നിർണായക പ്രമേയങ്ങൾ.
ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമല ഹാരിസിന്റെ നിലപാടുകളിൽ വൈസ് പ്രസിഡന്റായശേഷം മാറ്റങ്ങൾ ഉണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കാലിഫോർണിയ ഗവർണറും സാധ്യതാ സ്ഥാനാർഥിയുമായിരുന്ന ഘട്ടത്തിൽ തന്റെ ഇന്ത്യൻ പൈതൃകവും ഹൃദയത്തിൽ ഇന്ത്യക്കുള്ള സ്ഥാനവും ആണയിട്ടു പറയവേതന്നെ 2019ൽ ജമ്മു-കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ അവർ വിമർശിച്ചിരുന്നു. എന്നാൽ, 2021ൽ ബൈഡൻ സ്ഥാനം ഏറ്റെടുത്ത ശേഷം വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ കോവിഡ് -19 വാക്സിൻ നിർമാണത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. അത്തരം സൗഹൃദത്തിനായിരുന്നു പിന്നീട് ഊന്നൽ.
ഏതു പാർട്ടിയോ വ്യക്തിയോ ജയിക്കുന്നത് എന്നതല്ല യു.എസ് നയങ്ങൾ നിർണയിക്കുക. അവിടത്തെ ഭരണ സിരാകേന്ദ്രങ്ങളിൽ അടിമുടി ആധിപത്യം പുലർത്തുന്ന സയണിസ്റ്റ് ലോബിയുടെ ഹിതാഹിതങ്ങളാണ് അതിന്റെ ആധാരം. അമേരിക്കൻ ജനസംഖ്യയിൽ രണ്ടര ശതമാനത്തിനടുത്ത് മാത്രംവരുന്ന ജൂത സമുദായമല്ല ഇതെന്നതും ഇത് സയണിസ്റ്റ് ലോബിയുടെ മാത്രം കാര്യമാണെന്നതും കാണേണ്ടതുണ്ട്. 1948ൽ സയണിസ്റ്റ് രാഷ്ട്രം നിലവിൽ വന്നതുമുതൽ ഇന്നുവരെ ഏതെങ്കിലും ഒരു പ്രസിഡന്റിന്റെ അധികാരകാലത്ത് ഇസ്രായേലിനെ അതിന്റെ അധിനിവേശ-വംശക്കുരുതി നയങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ ഒരു ഭരണകൂടവും മുതിർന്നിട്ടില്ല. ആപേക്ഷികമായി, ചില ഭരണകാലങ്ങളിൽ ഇസ്രായേൽ പ്രേമത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടാവാം എന്നല്ലാതെ. മാത്രമല്ല, പശ്ചിമേഷ്യയിലെ എണ്ണ ശേഖരങ്ങളിൽ ആധിപത്യം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ മേൽ പേശിബലവും സുരക്ഷാ ഗാരന്റിയും കാട്ടി മേധാവിത്വം പുലർത്താനും ഇസ്രായേൽ ആവശ്യമാണ്. ട്രംപിനെ തോൽപിച്ച് കമല ഹാരിസ് പ്രസിഡന്റായാലും ഈ സമവാക്യങ്ങൾക്കിടയിൽനിന്നു മാത്രമേ വിദേശ നയങ്ങളിൽ നേരിയ വ്യത്യാസങ്ങൾപോലും സാധ്യമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.