വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡൻ. പുതുതലമുറക്ക് വഴിമാറുകയാണ് യു.എസ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്നും ബൈഡൻ വ്യക്തമാക്കി.
'പുതുതലമുറക്ക് വഴിമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. നിങ്ങൾക്കറിയാമോ, പൊതുജീവിതത്തിൽ ദീർഘകാലത്തെ അനുഭവത്തിന് ഒരു സമയവും സ്ഥലവും ഉണ്ട്. പുതിയ ശബ്‌ദങ്ങൾ, പുത്തൻ ശബ്‌ദങ്ങൾ, അതെ, ചെറുപ്പക്കാർക്കുള്ള സമയവും സ്ഥലവും ഇപ്പോഴുമുണ്ട്' - ബൈഡൻ വ്യക്തമാക്കി.
50 വർഷത്തിലേറെയായി ഈ രാജ്യത്തെ സേവിക്കുന്നത് എന്‍റെ ജീവിതത്തിലെ ഭാഗ്യമാണ്. സ്‌ക്രാന്‍റണിലെ പെൻസിൽവാനിയയിലും ഡെലവെയറിലെ ക്ലേമോണ്ടിലും നിന്നുള്ള തുടക്കം മുതൽ ഇടർച്ചയുള്ള ഒരു കുട്ടിക്ക് ഒരു ദിവസം അമേരിക്കയുടെ പ്രസിഡന്‍റായി ഓവൽ ഓഫീസിലെ റെസൊല്യൂട്ട് ഡെസ്‌കിന് പിന്നിൽ ഇരിക്കാൻ ഭൂമിയിൽ മറ്റൊരിടത്തും കഴിയില്ല.
ഈ വിശുദ്ധ സ്ഥലത്ത്, അസാധാരണക്കാരായ അമേരിക്കൻ പ്രസിഡന്‍റുമാരുടെ ഛായാചിത്രങ്ങളാൽ ഞാൻ വലയം ചെയ്തിരിക്കുന്നു. ഈ രാജ്യത്തെ നയിക്കുന്ന അനശ്വരമായ വാക്കുകൾ തോമസ് ജെഫേഴ്സൺ എഴുതി. പ്രസിഡന്‍റുമാർ രാജാക്കന്മാരല്ലെന്ന് ജോർജ് വാഷിങ്ടൺ നമുക്ക് കാണിച്ചുതന്നു. വിദ്വേഷം നിരസിക്കാൻ ഞങ്ങളോട് അഭ്യർഥിച്ച എബ്രഹാം ലിങ്കണും ഭയം നിരസിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ച ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റുമുള്ള ഈ ഓഫീസിനെ ബഹുമാനിക്കുന്നു. എന്നാൽ, ഞാൻ എന്‍റെ രാജ്യത്തെ കൂടുതൽ സ്നേഹിക്കുന്നുവെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രഡിഡന്‍റ് സ്ഥാനാർഥിയായ കമല ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ് ഉന്നയിച്ച ആരോപണങ്ങൾക്കും ബൈഡൻ മറുപടി നൽകി. വൈസ് പ്രസിഡന്‍റ് കമല ഹാരിസിന് നന്ദി പറഞ്ഞ ബൈഡൻ, കമല അനുഭവ പരിചയമുള്ള ആളാണെന്ന് വിശേഷിപ്പിച്ചു. കമല ശക്തയും കഴിവുമുള്ള ആളുമാണ്. അവർ തന്‍റെ അവിശ്വസനീയമായ പങ്കാളിയും നമ്മുടെ രാജ്യത്തിന്‍റെ നേതാവുമാണ്. ഇനി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടത് അമേരിക്കൻ ജനതയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
കോവിഡ് ബാധിതനായതിനെ തുടർന്ന് ഒരാഴ്ചയായി ഡെലവേറിലെ തന്‍റെ വസതിയിൽ കഴിയുകയായിരുന്ന ബൈഡൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിൽ മടങ്ങിയെത്തിയത്. ട്രംപുമായി നടന്ന സംവാദത്തിൽ തിരച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ബൈഡൻ പ്രസിഡന്‍റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.