ഒരു യുഗത്തിന് അന്ത്യം കുറിച്ച് ഡി.വി.ഡി വാടക കൊടുക്കുന്ന സേവനം നിർത്തി നെറ്റ്ഫ്ലിക്സ്. 25 വർഷമായി തങ്ങളുടെ അംഗങ്ങൾക്ക് ഡി.വി.ഡി നൽകുന്നതാണ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചിരിക്കുന്നത്. മെയിൽ സർവീസിലൂടെ ഡി.വി.ഡി നൽകുന്നത് നിർത്തുമെന്ന് നെറ്റ്ഫ്ലിക്സ് ഈ വർഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തീരുമാനം ഇപ്പോഴാണ് നടപ്പിലാക്കുന്നത്.
ഉപഭോക്താക്കളുടെ കൈവശമുള്ള ഡി.വി.ഡികൾ ഒക്ടോബർ 27 വരെ തിരിച്ചേൽപ്പിക്കാമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു. 1998ലാണ് ഡി.വി.ഡി വാടക നൽകുന്ന സംവിധാനം നെറ്റ്ഫ്ലിക്സ് ആരംഭിക്കുന്നത്. ഇതുവരെ 5.2 ബില്യൺ സിനിമകളുടെ ഡി.വി.ഡികൾ ഇത്തരത്തിൽ നൽകിയിട്ടുണ്ട്.
40 മില്യൺ ഉപഭോക്താക്കൾക്കാണ് ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ സംവിധാനം ഉപയോഗിക്കാൻ കഴിഞ്ഞത്. 2007ൽ വിഡിയോ സ്ട്രീമിങ് സംവിധാനം തുടങ്ങിയതോടെ നെറ്റ്ഫ്ലിക്സ് പുതിയൊരു പാത തുറക്കുകയായിരുന്നു. പിന്നീട് വെബ് സീരിസുകളും മറ്റും സ്വന്തമായി നിർമിച്ച് നെറ്റ്ഫ്ലിക്സ് കൂടുതൽ ജനകീയമായി. ഇതിനിടെ ഡി.വി.ഡി വാടക കൊടുക്കുന്നതിന് ഡിവിഡി.കോം എന്ന വെബ്സൈറ്റും നെറ്റ്ഫ്ലിക്സ് തുടങ്ങി. എന്നാൽ, ഡി.വി.ഡി, ബ്ലു റേ ഡിസ്കുകൾക്കുള്ള ആവശ്യകത കുറഞ്ഞതോടെ പതിയെ നെറ്റ്ഫ്ലിക്സ് ഇതിൽ നിന്നും പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.