ന്യൂയോർക്ക് : കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകളല്ല പുറത്തുവരുന്നതെന്ന് ആരോപണം ലോകമെമ്പാടുമുണ്ട്. അത്തരം ആരോപണങ്ങളെ സ്ഥിരീകരിക്കുന്ന ഒരു പഠനം വാഷിങ്ടൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പുറത്ത് വന്നിരിക്കുകയാണ്.
ലോകത്ത് ഇതുവരെ 70 ലക്ഷം പേരെ കോവിഡ് കവർന്നുവെന്നാണ് വാഷിങ്ടൺ യൂനിവേഴ്സിറ്റയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻറ് ഇവാലുവേഷൻ നടത്തിയ റിസർച്ചിൽ പറയുന്നത്. ലോകത്ത് 3.24 മില്യൺ മനുഷ്യർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന ഔദ്യോഗിക കണക്കിനേക്കാൾ ഇരട്ടിയാണ് ഇവരുടെ കണ്ടെത്തൽ.
അമേരിക്കയിലെ ഔദ്യോഗിക മരണസംഖ്യയേക്കാളും വലിയ വിത്യാസമാണിവരുടെ കണക്കിലുള്ളത്. 5,94,974 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ. എന്നാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ കണക്കുകൾ പ്രകാരം ഒമ്പത് ലക്ഷം പേരാണ് മരിച്ചതെന്ന് അവകാശപ്പെടുന്നു.
2020 മാർച്ച് മുതൽ 2021 മെയ് 3 വരെയുള്ള മരണനിരക്കും മുൻവർഷത്തെ മരണനിരക്കും താരതമ്യപ്പെടുത്തിയാണിവരുടെ പഠനം. അതിനൊപ്പം പാൻഡമിക് കാലത്തെ മറ്റ് ഘടകങ്ങളെയും പരിഗണിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് അവർ അവകാശപ്പെടുന്നു.
ഇന്ത്യ, മെക്സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മരണനിരക്കിൽ നിഗൂഡത നിലനിൽക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. ആ രാജ്യങ്ങളിലെ ഔദ്യോഗിക മരണ നിരക്ക് ഇപ്പോഴും നാല് ലക്ഷത്തിന് താഴെയാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് അവർ ഈ ആരോപണം ഉന്നയിക്കുന്നത്.
പാൻഡെമിക് കാലത്ത് കോവിഡ് മരണങ്ങൾ കൃത്യമായി കണ്ടെത്തുക ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ മേധാവി ഡോ. ക്രിസ്റ്റഫർ മുറെ പറഞ്ഞു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണനിരക്ക് ക്രോഡീകരിക്കുന്നതിലുടെ ഞങ്ങൾ വെളിച്ചത്ത് കൊണ്ട് വരാൻ ശ്രമിച്ചത് ഈ പകർച്ചവ്യാധി ലോകത്തിന് ഏൽപ്പിച്ച ആഘാതത്തിെൻറ വ്യാപ്തിയെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക മരണ സ്ഥിതിവിവരക്കണക്കുകളും അക്കാദമിക് പഠനങ്ങളും മറ്റ് സോഴ്സുകളും അടിസ്ഥാനമാക്കിയാണ് അധിക മരണനിരക്ക് കണക്കാക്കിയിരിക്കുന്നത്. ഈ പഠനത്തെ ചില ഗവേഷകരും ഗവേഷക സ്ഥാപനങ്ങളും അംഗീകരിക്കുന്നുണ്ടെങ്കിലും ചിലർ എതിർക്കുകയും അതിശയോക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.