ആർക്കും ഭൂരിപക്ഷമില്ല; ഫ്രാൻസിൽ അനിശ്ചിതത്വം

പാരിസ്: തീപാറും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച പാർലമെന്റ് തെരഞ്ഞെടുപ്പിനൊടുവിൽ ഫ്രാൻസ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് ഏറക്കുറെ ഉറപ്പിച്ച തീവ്ര വലതുകക്ഷിയായ നാഷനൽ റാലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് അപ്രതീക്ഷിത കുതിപ്പ് നടത്തിയെങ്കിലും ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മധ്യപക്ഷ സഖ്യമായ എൻസെംബിൾ ആണ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. 577 അംഗ പാർലമെന്റിൽ 289 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ന്യൂ പോപുലർ ഫ്രണ്ട് 182 സീറ്റാണ് നേടിയത്. പ്രസിഡന്റ് മാക്രോണിന്റെ എൻസെംബിൾ സഖ്യത്തിന് 168 സീറ്റും മരീൻ ലീ പെന്നിന്റെ നാഷനൽ റാലിക്ക് 143 സീറ്റും ലഭിച്ചു. റിപ്പബ്ലിക്കൻ കക്ഷികളും മറ്റ് വലതുപാർട്ടികളും ചേർന്ന് 60 സീറ്റും മറ്റ് ഇടതുപാർട്ടികൾ 13ഉം മറ്റുള്ളവർ 11 സീറ്റും നേടി.

തിങ്കളാഴ്ച രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ പ്രധാനമന്ത്രി ഗബ്രിയേൽ അട്ടൽ പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ സുസ്ഥിരതക്കുവേണ്ടി പദവിയിൽ തുടരാൻ പ്രസിഡന്റ് മാക്രോൺ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിർദേശം അനുസരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ സർക്കാറുണ്ടാക്കാൻ ഇടതുസഖ്യം അവകാശവാദമുന്നയിച്ചു. ഈയാഴ്ച ഒടുവിൽ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് ന്യൂ പോപുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു.

യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒരാഴ്ച മുമ്പ് നടന്ന ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിലും മുന്നിട്ടുനിന്ന തീവ്ര വലതുകക്ഷിയെ അധികാരത്തിൽനിന്നകറ്റാൻ ഇടതു സഖ്യവും മധ്യപക്ഷവും തന്ത്രപൂർവം നീങ്ങിയതാണ് അപ്രതീക്ഷിത ഫലത്തിന് കാരണം. 

Tags:    
News Summary - No one has a majority; Uncertainty in France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.