സ്റ്റോക്ഹോം: ലോക ഭക്ഷ്യ പദ്ധതിക്ക് (WFP) ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏജൻസി വലിയ പങ്കുവഹിച്ചുവെന്ന് നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു.
വിശപ്പ് ഒരു യുദ്ധത്തിലേക്ക് പോകാതിരിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം വലിയ പങ്കാണ് വഹിച്ചത്. പട്ടിണി ഇല്ലാതാക്കുന്നതിൽ ഏജൻസി വലിയ സംഭാവന നൽകിയെന്നും കമ്മിറ്റി നിരീക്ഷിച്ചു. പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യർക്ക് മേൽ കണ്ണുകൾ തുറക്കാൻ ഈ പുരസ്കാരം പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്ന് പുരസ്കാര നിർണയ സമിതിയിലെ ഒരാൾ പറഞ്ഞു.
സമാധാന നൊബേലിന് 211 വ്യക്തികളും 111 സംഘടനകളും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ നിന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ തെരഞ്ഞെടുത്തത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗും പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാം
യു.എന്നിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ഏജൻസിയുടെ പ്രഖ്യാപിത ലക്ഷ്യം. 83 രാജ്യങ്ങളിലായി 91.4 മില്യൺ ജനങ്ങൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്. 1963ലാണ് ഏജൻസി രൂപീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്കായിരുന്നു രൂപീകരണം. പിന്നീട് 1965ൽ യു.എന്നിെൻറ ഒരു സ്ഥിരം ഏജൻസിയായി മാറി. ലോകത്തെ വിവിധ രാജ്യങ്ങളും കോർപ്പറേഷനുകളും സ്വകാര്യ വ്യക്തികളുമാണ് ഏജൻസിക്ക് ഫണ്ട് നൽകുന്നത്. 2018ലെ കണക്കനുസരിച്ച് 7.5 ബില്യൺ ഡോളറാണ് ഏജൻസിയുടെ ആകെ ഫണ്ട്. യു.എസും യുറോപ്യൻ യൂണിയനുമാണ് ഏററവും കൂടുതൽ പണം വേൾഡ് ഫുഡ് പ്രോഗ്രാമിനായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.