ദക്ഷിണ കൊറിയൻ സൈന്യത്തെ മുഴുവൻ ഇല്ലാതാക്കും- രൂക്ഷ പ്രതികരണവുമായി കിംജോങ് ഉന്നിന്‍റെ സഹോദരി

സിയോൾ: ദക്ഷിണ കൊറിയക്കെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി ഉത്തരകാറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. പ്രകോപനം ഉണ്ടായാൽ ദക്ഷിണ കൊറിയൻ സൈന്യത്തെ അപ്പാടെ അപ്രത്യക്ഷമാക്കുമെന്നാണ് കിം യോ ജോങ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സു വൂക് നടത്തിയ പ്രസ്താവനയോടാണ് കിം യോ ജോങ് രോഷാകുലയായി പ്രതികരിച്ചത്. തങ്ങളുമായി മുട്ടാൻ കെൽപ്പുള്ളവരല്ല ദക്ഷിണ കൊറിയൻ സേനയെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്.

'ദക്ഷിണ കൊറിയ ഞങ്ങളുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാൽ നമ്മുടെ ആണവ പോരാട്ട സേന അനിവാര്യമായും അതിന്റെ കടമ നിർവഹിക്കും,' കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം സ്വന്തം പ്രതിരോധമാണ്. എന്നാൽ സായുധ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ ഈ ആയുധങ്ങൾ ശത്രുവിന്റെ സേനയെ ഇല്ലാതാക്കാൻ ഉപയോ​ഗിക്കുമെന്നും കിം യോ ജോങ് പറഞ്ഞു.

ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയക്ക് ​ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കിം യോ ജോങ് കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ അസ്വാരസ്യത്തിന് കാരണം.

ഫെബ്രുവരി 26 നും മാർച്ച് നാലിനും നടത്തിയ മിസൈൽ പരീക്ഷണത്തിൽ 3500 മൈലിലിധികം ദൂരപരിധിയുള്ള ആണവ സായുധ സംവിധാനമായ ഐ.സി.ബി.എം മിസൈൽ പരീക്ഷണമാണ് നടന്നത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ മിസൈലുകളുള്ളത്.

Tags:    
News Summary - North Korea's Nukes Could "Eliminate" South, Says Kim Jong Un's Sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.