ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും തടഞ്ഞുവെക്കരുത് -മുന്നറിയിപ്പുമായി ബറാക് ഒബാമ

വാഷിങ്ടൺ: ഗസ്സയിൽ ഹമാസിനെതിരെ യുദ്ധം തുടരുന്ന ഇസ്രായേലിനെതിരെ മുന്നറിയിപ്പുമായി യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്നാണ് ഒബാമയുടെ മുന്നറിയിപ്പ്. ​ഗസ്സയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ നഷ്ടപ്പെടും. ഇത് ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ ചൂണ്ടിക്കാട്ടി.

സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസ് പാലിച്ചിരുന്ന ഉയർന്ന മൂല്യങ്ങൾ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു. ഒബാമ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘർഷങ്ങളിൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ, വ്യോമാക്രമണങ്ങളിൽ ഫലസ്തീനികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ രാജ്യത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഹമാസിന്റെ മിന്നൽ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 5000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡൻ. ബൈഡനുമായി ആലോചിച്ചാണ് ഒബാമയുടെ ഇപ്പോഴത്തെ പ്രസ്താവനയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ സമാധാന ഉടമ്പടിക്ക് ശ്രമിച്ചെങ്കിലും ഒബാമ പരാജയപ്പെടുകയായിരുന്നു. ഈ ചർച്ച തുടരാനുള്ള ശ്രമം പോലും ബൈഡൻ ശ്രമിച്ചില്ല. 

Tags:    
News Summary - Obama warns some of Israel's actions in Gaza may backfire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.