ന്യൂയോർക്ക്:പട്ടിണി ബാധിച്ചവരുടെ എണ്ണം വർധിച്ചതിൽ ആശങ്ക അറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. കഴിഞ്ഞ 3 വർഷത്തിനിടെ പട്ടിണി ബാധിച്ച ആളുകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ലോക ഭക്ഷ്യ ദിനത്തിലാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
2019ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരിയാണ് ഇതിന് കാരണമെന്ന് പറയാം.പോഷക ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും എല്ലാവർക്കും താങ്ങാവുന്ന വിലയിൽ നൽകുകയും ചെയ്യുക. അദ്ദേഹം കുറിച്ചു.
2022ലെ ലോക ഭക്ഷ്യ ദിന പ്രമേയം 'ആരേയും പിന്നിലാക്കരുത്' എന്നതാണ്. ലോകം പുരോഗതി കൈവരിച്ചെങ്കിലും വളരെയധികം ആളുകൾ അതിൽ പിന്നാക്കം പോയെന്ന് എഫ്എഒ പറഞ്ഞു.
2022 ൽ ഗ്ലോബൽ നെറ്റ്‌വർക്ക് മെയ് മാസത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 40 രാജ്യങ്ങളിലായി ഏകദേശം 180 ദശലക്ഷം ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരാണ്.
എത്യോപ്യ, നൈജീരിയ, ദക്ഷിണ സുഡാൻ, യെമൻ എന്നിവയെ "വിശപ്പിന്റെ ഹോട്ട്‌സ്‌പോട്ടുകൾ" എന്ന് റിപ്പോർട്ടിൽ വിശേഷിപ്പിച്ചു. യുക്രെയ്‌നും റഷ്യയും തമ്മിൽ തുടരുന്ന യുദ്ധം കാരണം ഈജിപ്തും പ്രതിസന്ധികൾ നേരിടുകയാണ്. 2020-2021 വർഷത്തിൽ ഈജിപ്തിന്‍റെ 85 ശതമാനം ഭക്ഷ്യ ഇറക്കുമതിയും നടത്തിയിരുന്നത് ഈ രാജ്യങ്ങളിൽ നിന്നായിരുന്നു..ടുണീഷ്യയും അൾജീരിയയും ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളുമായി പൊരുതുകയാണ്. താലിബാൻ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനിലും ഭക്ഷ്യ പ്രതിസന്ധി കൂടുതൽ വഷളായതായി റിപ്പോർട്ടിൽ പറയുന്നു.
1945 ഒക്ടോബർ 16 നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാർഷിക സംഘടന രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.