വിദേശ ഉംറ തീർഥാടകർക്കുള്ള പാക്കേജ് നിരക്ക് 830 റിയാൽ മുതൽ

ജിദ്ദ: ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം പാക്കേജുകൾ ഒരുക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ച 'നുസ്ക്' ഡിജിറ്റൽ പ്ലാറ്റ്ഫോം അധികൃതർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും മക്കയിലും മദീനയിലും എത്തുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനുമാണ് പാക്കേജുകൾ ഏർപ്പെടുത്തിയത്. പാക്കേജ് നിരക്ക് 830 സൗദി റിയാൽ (222 ഡോളർ) മുതൽ ആരംഭിക്കുന്നതാണ്. വിസിറ്റ് വിസ ഫീസ്, ഇൻഷുറൻസ് ചാർജ്, അഞ്ച് രാത്രികളിൽ മക്കയിൽ തങ്ങാനുള്ള ചെലവ് എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്.

എന്നാൽ, യാത്ര ടിക്കറ്റുകൾ, ഭക്ഷണം, വ്യക്തിഗത ചെലവുകൾ എന്നിവ ഇതിലുൾപ്പെടില്ല. മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്‌പ്രസ് ട്രെയിനിന്റെ സമയം അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായകമായി അവരുടെ വെബ്‌സൈറ്റിന്റെ ലിങ്കും 'നുസ്ക്' പ്ലാറ്റ്ഫോമിൽ ചേർത്തിട്ടുണ്ട്. ഒക്ടോബർ 10നാണ് ഹജ്ജ് ഉംറ മന്ത്രാലയം 'നുസ്ക്' എന്ന പേരിൽ പരിഷ്കരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോമിലുണ്ട്.

'ഗതാഗത സേവനങ്ങൾ' ടാബിന് കീഴിലാണ് പുതിയ സേവനങ്ങൾ ചേർത്ത് ഇപ്പോൾ പ്ലാറ്റ്ഫോം പരിഷ്കരിച്ചിരിക്കുന്നത്. തീർഥാടകരുടെ അനുഭവം വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള അവരുടെ വരവിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മക്കയിലെയും മദീനയിലെയും സന്ദർശകർക്കായി പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്.അനായാസമായി ഉംറ കർമങ്ങൾ നിർവഹിക്കാൻ ഇത് തീർഥാടകരെ പ്രാപ്തരാക്കുന്നു. നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഇത് സഹായിക്കുന്നു. 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണിത്.

Tags:    
News Summary - Package price for foreign Umrah pilgrims starts from 830 Riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.