പാകിസ്താനിൽ ന്യൂനപക്ഷത്തിനെതിരായ ആക്രമണം: മുഖ്യപ്രതികൾ അറസ്റ്റിൽ

ലാഹോർ: പഞ്ചാബ് പ്രവിശ്യയിൽ 21 ചർച്ചുകൾക്കും ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തിന്റെ 35 വീടുകൾക്കുംനേരെ ആക്രമണം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ കാവൽ മുഖ്യമന്ത്രി മുഹ്സിൻ നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്താൻ ഉച്ചഭാഷിണിയിലൂടെ ആഹ്വാനം ചെയ്ത മുഹമ്മദ് യാസിൻ എന്നയാളാണ് അറസ്റ്റിലായവരിൽ ഒരാൾ. വ്യാഴാഴ്ച 140ഓളം പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീവ്രവാദ സംഘടനയായ തെഹ്‍രീക് ഇ ലബ്ബായിക് പാകിസ്താൻ (എൽ.ടി.പി) അംഗങ്ങളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മതനിന്ദാ കുറ്റം ആരോപിച്ച് ഫൈസലാബാദ് ജില്ലയിലെ ജറൻവാല ടൗണിലാണ് ബുധനാഴ്ച അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പഞ്ചാബ് ചീഫ് സെക്രട്ടറിയും പൊലീസ് ഇൻസ്പെക്ടർ ജനറലും വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. പഞ്ചാബ് പ്രവിശ്യയിലെ പള്ളികളിൽ വെള്ളിയാഴ്ച നടന്ന പ്രാർഥനകളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഇമാമുമാർ ഉദ്ബോധനം നടത്തിയതായും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യം ഇസ്‍ലാമിന്റെ അടിസ്ഥാന പ്രബോധനത്തിൽപ്പെട്ടതാണ്. ഇത്തരം ആക്രമണങ്ങൾക്ക് മതത്തിന്റെ നിറം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചവരെ വെളിച്ചത്തുകൊണ്ടുവരാൻ നൽകിയ പിന്തുണക്കും സഹിഷ്ണുതക്കും മതപണ്ഡിതർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം ദാരുണവും വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതുമാണെന്നും കരസേന മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ ദിവസം പ്രതികരിച്ചു. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ച പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കാർ, ഇരുട്ടിന്റെ ശക്തികളെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരായി തുടരും. അവർക്കെതിരെ ആക്രമണം നടത്താൻ ചെറിയൊരു വിഭാഗത്തിന്റെ ശ്രമമുണ്ടായേക്കാം. എന്നാൽ, സർക്കാർ അതിനെ കർശനമായി നേരിടുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.

Tags:    
News Summary - Pak police arrest 2 main suspects involved in attacks on churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.