സംഘർഷഭൂമിയായി പാകിസ്താൻ

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾ ബുധനാഴ്ചയും തുടർന്നു. സംഘർഷങ്ങളിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം.

ഒക്ടോബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടയാനാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിെന്റ അനുയായികൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാവശ്യപ്പെട്ട് ഖാൻ പ്രചാരണം നടത്തിവരുകയായിരുന്നു.

‘ഇമ്രാൻ ഖാൻ ഇനി നിയമത്തിനു മുന്നിൽ വരും. നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. അതേസമയം, അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അതിെന്റ പ്രത്യാഘാതം നേരിടേണ്ടി വരും’ -ആസൂത്രണ മന്ത്രി അഹ്സാൻ ഇഖ്ബാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇമ്രാൻ ഖാെന്റ അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡിൽ നിരവധി അനുയായികളെ അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാെന്റ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി സെക്രട്ടറി ജനറൽ അസദ് ഉമറും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാത്രി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആയിരത്തോളം പേരെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റ് ചെയ്തു. കലാപം നിയന്ത്രിക്കുന്നതിന് പഞ്ചാബിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബ് സർക്കാറിെന്റ അഭ്യർഥനയെത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അക്രമസംഭവങ്ങളിൽ 130 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമം ഏറ്റവും രൂക്ഷമായി അരങ്ങേറിയ പെഷവാറിലാണ് നാലുപേർ കൊല്ലപ്പെട്ടത്.

കറാച്ചിയിലെ പ്രതിഷേധങ്ങളിൽ അഗ്നിക്കിരയായ നൂറുകണക്കിന് വാഹനങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാജ്യത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിെന്റ നിർദേശത്തെതുടർന്നാണ് സേവനങ്ങൾ റദ്ദാക്കിയതെന്ന് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ചയും സ്കൂളുകൾ അടഞ്ഞുകിടന്നു. വിവിധ ഹൈവേകൾ പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. വളരെ കുറഞ്ഞ തോതിലാണ് വാഹന ഗതാഗതമുണ്ടായിരുന്നത്.

Tags:    
News Summary - Pakistan as a land of conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.