ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ വാർത്തസമ്മേളനങ്ങളും പ്രസംഗങ്ങളും ടെലിവിഷനിൽ സംപ്രേഷണംചെയ്യുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. ഇംറാന്റെ പ്രസംഗം സംപ്രേഷണംചെയ്ത എ.ആർ.വൈ ന്യൂസിന്റെ ലൈസൻസ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി റദ്ദാക്കി. കഴിഞ്ഞ ഏപ്രിലിൽതന്നെ അധികാരത്തിൽനിന്ന് പുറത്താക്കിയതിന് പിന്നിൽ സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്വയാണെന്ന് ആരോപിച്ച് ലാഹോറിൽ ഇംറാൻ നടത്തിയ പ്രസംഗത്തെ തുടർന്നാണ് ടെലിവിഷൻ വിലക്ക് ഏർപ്പെടുത്തിയത്.
ദേശീയ സ്ഥാപനങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കുകയും ചെയ്യുന്നതിനാലാണ് ഇംറാന്‍ വിലക്കേർപ്പെടുത്തിയതെന്ന് പാകിസ്താൻ മീഡിയ റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. അധികൃതരുടെ നടപടിയെ പാക് മനുഷ്യാവകാശ കമീഷൻ അപലപിച്ചു. രാഷ്ട്രം അതിവേഗം ഇരുട്ടിലേക്ക് നീങ്ങുകയാണെന്നും ജനാധിപത്യത്തെ സർക്കാർ അപകടത്തിലാക്കിയെന്നും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഹമ്മാദ് അസ്ഹർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.