കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ നബിദിനാഘോഷത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റു. മണിക്കൂറുകൾക്കകം ഖൈബർ പഖ്തൂൻഖ്വയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മസ്തുങ് ജില്ലയിലെ അൽഫല റോഡിൽ സ്ഥിതിചെയ്യുന്ന മദീന പള്ളിക്കു സമീപമാണ് രാജ്യത്തെ നടുക്കിയ ആദ്യ സ്ഫോടനമുണ്ടായത്. നബിദിനറാലിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നവാസ് ഗഷ്കോരിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡി.എസ്.പിയുടെ കാറിനു സമീപത്തെത്തിയ ചാവേർ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭീകരവിരുദ്ധ സേന മസ്തുങ് ജില്ലയിൽ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറെ വധിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്.
ബലൂചിസ്താനിലെ മതസഹിഷ്ണുതയും സമാധാനവും തകർക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് പ്രവിശ്യയുടെ ഇടക്കാല വാർത്താവിതരണ മന്ത്രി ജാൻ അചക്സായി പറഞ്ഞു. സമാധാനപരമായി നടന്ന ആഘോഷപരിപാടിയിൽ ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാവൽ മുഖ്യമന്ത്രി അലി മർദാൻ ദോംകി പറഞ്ഞു. പ്രവിശ്യയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഹാങ്ങു ജില്ലയിലെ ദൊആബ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെയാണ് രണ്ടാമത്തെ സ്ഫോടനം. സംഭവത്തിന് തൊട്ടുമുമ്പ് അഞ്ചു ഭീകരർ പൊലീസ് സ്റ്റേഷനിൽ എത്തിയതായി പൊലീസ് പറഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട മറ്റൊരു ഭീകരൻ പള്ളിക്കു സമീപമെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണു. മൂന്നു ഭീകരർ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. സ്ഫോടനസമയത്ത് 40ഓളം പേരാണ് പള്ളിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.