ഇസ്ലാമാബാദ്: ഇന്ത്യയുടെ ബഹുമാനവും അന്തസ്സും നിലനിർത്താൻ നിയന്ത്രണരേഖ (എൽ.ഒ.സി) മറികടക്കാൻ തയാറാണെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശങ്ങളെ പാകിസ്താൻ വിമർശിച്ചു. യുദ്ധാധിക്ഷേപം പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. ഏത് ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധിക്കാൻ പാകിസ്താൻ പൂർണമായി പ്രാപ്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബുധനാഴ്ച 24-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് ലഡാക്കിലെ ദ്രാസ് നഗരത്തിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ സംസാരിക്കവെയാണ് പ്രതിരോധമന്ത്രി പാകിസ്താന് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
'കാർഗിൽ യുദ്ധം ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആ സമയത്ത്, പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. പാകിസ്താൻ ഞങ്ങൾക്ക് പിന്നിൽ കുത്തുകയാണ്, രാജ്യത്തിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ സായുധ സേനയ്ക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.' എന്നും മന്ത്രി പറഞ്ഞിരുന്നു.
ദക്ഷിണേഷ്യയിലെ തന്ത്രപരമായ അന്തരീക്ഷം അസ്ഥിരപ്പെടുത്തുന്നതാണ് തീരുമാനം, അതീവ ജാഗ്രത പാലിക്കാൻ ഞങ്ങൾ ഇന്ത്യയെ ഉപദേശിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.