ഇസ്ലാമാബാദ്: വെള്ളിയാഴ്ചയുണ്ടായ രണ്ട് ചാവേർ സ്‌ഫോടനങ്ങളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്താൻ. ബലൂചിസ്ഥാനിലെ മസ്‌തുങ് ജില്ലയിലെ ഒരു പള്ളിക്ക് സമീപം നബിദിനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടയിലാണ് ഒരു സ്‌ഫോടനം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം ഖൈബർ പഖ്തൂൺഖ്വയിലെ ഹംഗു നഗരത്തിലെ ഒരു പള്ളിയിൽ മറ്റൊരു സ്ഫോടനവും നടന്നു. രണ്ട് സംഭവത്തിലുമായി മരണസംഖ്യ 65 ആയി ഉയർന്നു.
ചാവേർ ആക്രമണത്തിൽ ഇന്ത്യയുടെ ചാരസംഘടനയായ 'റോ'ക്ക് പങ്കുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി ആരോപിച്ചു. ചാവേർ ബോംബ് ആക്രമണകാരിയുടെ ഡി.എൻ.എ വിശകലനം ചെയ്യാൻ അയച്ചതിന്‍റെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച പൊലീസ് സമർപ്പിച്ചു.
അജ്ഞാതനായ അക്രമിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതായി തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (സി.ടി.ഡി)വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പാകിസ്താനിലെ രക്തരൂക്ഷിതമായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ നിരോധിത തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനും (ടി.ടി.പി) തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സി.ടി.ഡി അറിയിച്ചു. അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.