ഇസ്ലാമാബാദ്: കോവിഡ് മരണങ്ങൾ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തള്ളി പാകിസ്താനും. രാജ്യത്ത് 2,60,000 പേർ കോവിഡ് കാരണം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ എട്ടു മടങ്ങ് കൂടുതലാണ്.
എന്നാൽ, രാജ്യത്ത് കോവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമാണ് സർക്കാർ കണക്ക്. ലോകാരോഗ്യ സംഘടനയുടെ വിവര ശേഖരണ രീതിയെ ചോദ്യം ചെയ്ത പാകിസ്താൻ, കണക്കുകൾ ശേഖരിച്ച സോഫ്റ്റ് വെയറിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകൾ സ്വമേധയയാണ് ശേഖരിക്കുന്നത്. ഇതിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, ലക്ഷങ്ങളുടെ വ്യത്യാസങ്ങളുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി അബ്ദുൾ ഖാദർ പട്ടേൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ നിരസിച്ചുകൊണ്ടുള്ള കത്തിൽ മരണങ്ങൾ കണക്കാക്കുന്നതിൽ പാക്കിസ്താൻ സ്വീകരിച്ച മാനദണ്ഡങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രികൾ, യൂനിയൻ കൗൺസിലുകൾ, ശ്മശാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് അധികാരികൾ കണക്കുകൾ ശേഖരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ശേഖരണ സോഫ്‌റ്റ്‌വെയറിൽ തകരാറുള്ളതായി താൻ സംശയിക്കുന്നു- മന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിന് തദ്ദേശ തലത്തിലും ജില്ല തലത്തിലും സംസ്ഥാന തലത്തിലും കൃത്യമായ സംവിധാനങ്ങളുണ്ടെന്നും പാക്കിസ്താനിലെ മരണസംഖ്യ പരിശോധിക്കാവുന്നതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമാണെന്നും സർക്കാർ വാദിച്ചു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ ഇന്ത്യയും തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിൽ 47 ലക്ഷം കോവിഡ് കാരണം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.