ലാഹോർ: തന്നെ അധികാരത്തിൽനിന്ന് പുറത്താക്കിയതിനു പിന്നിൽ സൈന്യത്തിന്റെ കളികളുണ്ടെന്ന് ആരോപിച്ച് പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ബുധനാഴ്ച രാത്രി ട്വിറ്ററിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ഇംറാൻ സൈനിക മേധാവി ജന. ഖമർ ജാവേദ് ബജ്വക്കെതിരെ ആഞ്ഞടിച്ചത്.
''വലിയ സ്ഥാപനങ്ങളിലെ രണ്ടോ മൂന്നോ വ്യക്തികൾ തെറ്റു ചെയ്താൽ ആ സ്ഥാപനം മുഴുവൻ ഉത്തരവാദിത്തം ഏൽക്കേണ്ടതില്ല. ഒരാളാണ് തെറ്റ് ചെയ്തതെങ്കിൽ, ആ സ്ഥാപനം മുഴുവൻ ശരിയല്ലെന്ന് കരുതരുത്'' -ഇതായിരുന്നു ട്വീറ്റ്.
സൈന്യവും ഭരണകക്ഷിയായിരുന്ന പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയും തമ്മിലുള്ള ബന്ധം മാസങ്ങൾക്കു മുമ്പേ ശിഥിലമായിരുന്നെന്ന് മുൻ മന്ത്രി ഫവാദ് ചൗധരി ഒരു വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അഴിമതിക്കു കൂട്ടുനിൽക്കാത്തതുകൊണ്ടാണ് തന്റെ പാർട്ടിയിലെ അംഗങ്ങൾ കൂറുമാറിയതെന്നും ഇംറാൻ അവകാശപ്പെട്ടു.
പുതിയ ഉത്തരവിറക്കി, നവാസ് ശരീഫിനെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നത് ജുഡീഷ്യറിക്ക് വലിയ നാണക്കേടുണ്ടാക്കുമെന്നും ഇംറാൻ ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രിയായ നവാസ് ശരീഫ് ഈദിനു ശേഷം പാകിസ്താനിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.