ജോർജ്ടൗൺ (ഗയാന): ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കരീബിയൻ ഭരണത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി. ഗയാനയിൽ രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെയായിരുന്നു വിവിധ രാഷ്ട്ര നേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഗ്ലോബൽ സൗത്തിന്റെ ശാക്തീകരണത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
കോവിഡ് -19 മഹാമാരിയുടെ കാലത്തും ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ഡൊമിനിക്കയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടനിൽനിന്ന് ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ മോദി സ്വീകരിച്ചു. സുരിനാം പ്രസിഡന്റ് ചാൻ സന്തോഖി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, സെന്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ, ഗ്രെനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, ബഹാമസ് പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ്, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ട്ലി, ട്രിനിഡാഡ് ആൻഡ് ടുബേഗോ പ്രധാനമന്ത്രി ഡോ. കെയ്ത്ത് റൗലി എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിക്ക് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടെന്ന് മോദി ‘എക്സി’ൽ കുറിച്ചു. നൈപുണ്യ വികസനം, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും അവലോകനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.