ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു.
യുക്രെയ്നിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സാഹചര്യം പുടിൻ മോദിയോട് വിശദീകരിച്ചുവെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ പ്രശ്നത്തിൽ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു. ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡറാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ മോദി പുടിനുമായി സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.
നേരത്തെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിപുലമായ പദ്ധതി ആവിഷ്കരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങൾ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. പോളണ്ട്, റൊമേനിയ, സ്ലോവേക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴിയാവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. യുക്രെയ്നിലെ ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രത്യേക സംഘമെത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.