ഷെഹ്ബാസ് ശരീഫ്

പാകിസ്താനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെഹ്ബാസ് ശരീഫിനെ പി.എം.എൽ-എൻ നാമനിർദേശം ചെയ്തു

ലാഹോർ: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടും സർക്കാർ രൂപവത്കരിക്കുന്നതിൽ കടുത്ത അനിശ്ചിതത്വം തുടരുന്ന പാകിസ്താനിൽ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പാകിസ്താൻ മുസ്‍ലിം ലീഗ് -എൻ ശഹ്ബാസ് ശരീഫിനെ നിമനിർദേശം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തതെന്ന് പി.എം.എൽ-എൻ വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു.

പാർട്ടി അധ്യക്ഷൻ നവാസ് ശരീഫ് ആണ് തന്റെ ഇളയ സഹോദരൻ ഷെഹ്ബാസ് ശരീഫിനെ (72) പ്രധാനമന്ത്രി സ്ഥാനത്തേക്കും മകൾ മറിയം നവാസിനെ (50) പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി സ്ഥാനത്തേക്കും നാമനിർദേശം ചെയ്തത്. അതിനിടെ, ഐക്യരാഷ്ട്രസഭ പാകിസ്താൻ രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് പറഞ്ഞു.

സർക്കാരിന്റെ ഭാഗമാകാതെ നവാസ് ശരീഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി ചൊവ്വാഴ്ച പ്രധാനമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറി.

ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല. അതിനിടെ, തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പിന്തുണക്കുന്ന പാകിസ്താൻ തെഹ്‌രീകെ-ഇ-ഇൻസാഫ് (പി.ടി.ഐ) ന്റെ തൊഴിലാളികളും അനുഭാവികളും രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളിൽ ഇമ്രാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ 75, ബിലാവൽ ഭൂ​ട്ടോ ചെയർമാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് കക്ഷി നില.

Tags:    
News Summary - PML-N Nominates Shehbaz Sharif as Prime Minister of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.