യുക്രെയ്നിലെ യുദ്ധാസക്തിക്കെതിരെ ആശങ്കയുമായി ഫ്രാൻസിസ് മാർപാപ്പ

യുക്രെയ്നിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച്  ഫ്രാൻസിസ് മാർപാപ. യുക്രെയ്നിലെ സംഭവവികാസങ്ങൾ അതിദാരുണമാണെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു.

'ശാസ്ത്രത്തിലും ചിന്തയിലും മനോഹരമായ പല കാര്യങ്ങളിലും മുന്നിലാണെന്ന് അഭിമാനിക്കുന്ന മനുഷ്യൻ സമാധാനം നെയ്തെടുക്കുന്നതിൽ പിന്നിലാണ്. യുദ്ധം ചെയ്യുന്നതിലാകട്ടെ അവർ മുൻപന്തിയിലുമാണ്' -മാർപാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ഭീകരത പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ഹൃദയത്തെ മരവിപ്പിക്കുന്നതാണെന്നും മനുഷ്യരാശി ഇപ്പോഴും ഇരുട്ടിൽ തപ്പിത്തടയുകയാണെന്നും മാർപാപ കൂട്ടിച്ചേർത്തു.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ആഴ്ച്ചകൾക്കുള്ളിൽ യുക്രെയ്ൻ ആക്രമിക്കാൻ തീരുമാനിച്ചത് തനിക്ക് ബോധ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണം അടുത്ത ആഴ്ചയോ അല്ലെങ്കിൽ വരും ദിവസങ്ങളിലോ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ചെന്ന റഷ്യയുടെ വാദത്തെ നാറ്റോ സഖ്യവും അമേരിക്കയും നേരത്തെ തള്ളിയിരുന്നു.

യുക്രെയ്ൻ പ്രതിസന്ധി മൂർച്ഛിച്ചു നിൽക്കെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ ഇന്ത്യ തങ്ങൾക്കൊപ്പം അണിനിരക്കണമെന്ന് യു.എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പിന്തുണച്ച് റഷ്യ രംഗത്തെത്തിയത്.

ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ ബ്രീഫിംഗിൽ, ഇന്ത്യയിലെ റഷ്യൻ എംബസി ഇന്ത്യയുടെ സന്തുലിതമായ, തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനത്തെ സ്വാഗതം ചെയ്തു. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സുരക്ഷിതമാക്കുന്നതിനുള്ള വലിയ താൽപ്പര്യത്തിൽ പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഏത് നടപടികളും എല്ലാ പക്ഷവും ഒഴിവാക്കുന്നതാണ് നല്ലത് എന്നും ഇന്ത്യ പറഞ്ഞു. നയതന്ത്ര ചർച്ചയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്നും യു.എന്നിൽ ഇന്ത്യ പറഞ്ഞു.

'ഇന്ത്യയുടെ സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു' -ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ നിന്നുള്ള വീഡിയോ ക്ലിപ്പ് വീണ്ടും പങ്കിട്ടുകൊണ്ട് റഷ്യൻ എംബസി ട്വീറ്റ് ചെയ്തു. കിഴക്കൻ യുക്രെയ്‌നിലെ സ്ഥിതിഗതികൾ ചർച്ചയിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിന് കരാറുകൾ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ടി.എസ് തിരുമൂർത്തി പറഞ്ഞു.

സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളിലൂടെയും ഇടപഴകുന്നത് തുടരാനും കരാറുകൾ പൂർണ്ണമായും നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുന്നത് തുടരാനും ഇന്ത്യ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു. എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പിരിമുറുക്കങ്ങൾ ഉടനടി ഇല്ലാതാക്കാൻ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താൽപ്പര്യമെന്ന് അംബാസഡർ തിരുമൂർത്തി പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pope slams man's 'attachment to war' amid Ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.