ദക്ഷിണ കൊറിയ വിമാനാപകടത്തിൽ മരണസംഖ്യ 179 ആയി; രണ്ടു പേരെ രക്ഷപ്പെടുത്തി, നില ഗുരുതരം

സിയൂൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 179 ആയി ഉയർന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

വിമാന ജീവനക്കാരനെയും യാത്രക്കാരനെയുമാണ് രക്ഷപ്പെടുത്തിയത്. തകർന്ന വിമാനത്തിൽ നിന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

രക്ഷപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുന്നു

ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തിൽപ്പെട്ടത്. ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്.

ദക്ഷിണ കൊറിയൻ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ആണ് വിമാനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

വിമാനത്തിന്‍റെ പിൻഭാഗം റൺവേയിലൂടെയും തുടർന്ന് മണ്ണിലൂടെയും നിരങ്ങിനീങ്ങുന്നതിന്‍റെയും വലിയ കോൺക്രീറ്റ് മതിലിൽ ഇടിച്ചു തകരുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സൗത്ത് വെസ്റ്റ് സിയോളിൽ നിന്ന് 288 കിലോമീറ്റർ അകലെ മുവാൻ കൗണ്ടിയിലാണ് മുവാൻ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 

Tags:    
News Summary - Death toll from South Korea Plane Crash rises to 179

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.