ഈ യുദ്ധവും അക്രമവും മതിയാക്കൂ...പുൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവുമായി ഫലസ്തീൻ സമാധാനത്തിന് മാർപാപ്പയുടെ ആഹ്വാനം

ജറൂസലം: ഫലസ്തീനിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ സിറ്റിയിലെ പുൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപാപ്പ ഫലസ്തീൻ സമാധാനത്തിനായി സംസാരിച്ചത്. യുദ്ധങ്ങളും ആക്രമണവും മതിയാക്കണമെന്നും ക്രിസ്തുമസിന് മുമ്പ് രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്നു മാർപ്പാപ്പ ആഹ്വാനം ചെയ്തു.

''മതി യുദ്ധങ്ങൾ. അക്രമവും മതി. ഇവിടത്തെ ഏറ്റവും ലാഭകരമായ വ്യവസായം ആയുധ നിർമാണമാണെന്ന് നിങ്ങൾക്കറിയാമോ? കൊല്ലുന്നതിൽ നിന്നുള്ള ലാഭം. യുദ്ധങ്ങൾ മതിയാക്കൂ...​നമ്മുടെ കണ്ണുകൾ കണ്ണുനീർ കൊണ്ട് നിറയുമ്പോൾ, സമാധാനത്തിനായുള്ള പ്രാർത്ഥനകൾ ഉയരുന്നു. ലോകം മുഴുവൻ സമാധാനം നിറയട്ടെ. ''-മാർപാപ്പ പറഞ്ഞു.

നേറ്റിവിറ്റി ഓഫ് ബെത്‌ലഹേം 2024’ന്റെ ഉദ്ഘാടന ചടങ്ങിൽ ഫലസ്തീനിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ഒലിവ് മരങ്ങളിൽ തീർത്ത പുൽക്കൂട്ടിലാണ് വെള്ള വസ്ത്രങ്ങൾക്കുപകരം ഉണ്ണിയേശുവിനെ കഫിയയിൽ കിടത്തിയിരിക്കുന്നത്.

പശ്ചിമേഷ്യൻ ജനത ധരിക്കുന്ന തലയും മുഖവും മൂടുന്ന പരമ്പരാഗത വസ്ത്രമാണ് കഫിയ. കഫിയ ഇസ്രായേലിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായാണ് ഫലസ്തീൻ കാണുന്നത്.

ക്രിസ്മസിന് മുമ്പ് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിൽ വെടിനിർത്തൽ ഉറപ്പാക്കണമെന്നും മാർപാപ്പ ലോകനേതാക്കളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ചു. 'യുക്രൈനിലും, പശ്ചിമേഷ്യയിലും ഫലസ്തീനിലും, ഇസ്രായേലിലും, ലബനാനിലും, ഇപ്പോൾ സിറിയയിലും മ്യാൻമറിലും, സുഡാനിലും കൂടാതെ എവിടെയൊക്കെ ആളുകൾ യുദ്ധവും അക്രമവും മൂലം പീഡിതരാകുന്നോ അവിടെയെല്ലാം നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം​'- മാർപാപ്പ പറഞ്ഞു. ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ ബന്ദികളാക്കിയവരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിനും പിന്തുണ നൽകണമെന്ന് മാർപാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Tags:    
News Summary - Pope unveils nativity scene with baby Jesus wrapped in Palestinian keffiyeh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.