ഗസ്സയിൽ ഇസ്രായേൽ സേന നഴ്സിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; രണ്ടാഴ്ചക്ക് ശേഷം അഴുകിയ നിലയിൽ കണ്ടെത്തി

ഗസ്സ: അൽ അമൽ ആശുപത്രിയിൽ ഇസ്രായേൽ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്. ഇസ്രായേൽ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം വ​രെ തന്നാൽ കഴിയുംവിധം അദ്ദേഹം പരിശ്രമിച്ചു.

എന്നാൽ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഐ.ഡി.എഫ് സൈനികർ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (പിആർസിഎസ്) വളന്റിയറായ ഈ മാലാഖക്ക് നേരെ ആശുപത്രിയിൽ വെച്ച് നിറയൊഴിച്ചു. ജീവനുവേണ്ടി പിടയുന്ന ആബിദിനെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രസന്റിലെ സഹപ്രവർത്തകനായ ആംബുലൻസ് ഡ്രൈവറെ സൈന്യം ആട്ടിയോടിച്ചു. മൃതദേഹം അവർ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ചു.

രണ്ടാഴ്​ചത്തെ നരനായാട്ടിന് ശേഷം അൽ-അമൽ ഹോസ്പിറ്റലിൽ നിന്ന് ഇസ്രായേൽ സേന പിൻമാറിയപ്പോൾ കണ്ടകാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. ജീർണിച്ച നിലയിൽ ആബിദിന്റെ മൃതദേഹം ആശുപത്രി മൂലയിൽ കിടക്കുന്നു. ‘അദ്ദേഹത്തിന്റെ അഴുകിയ മൃതദേഹം ഇന്ന് കണ്ടെത്തി. ആബിദ് ധരിച്ചിരുന്ന ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ യൂണിഫോം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. (ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ) ആ യൂനിഫോം അദ്ദേഹത്തിന് (യുദ്ധവേളയിൽ) സംരക്ഷണം നൽകേണ്ടതായിരുന്നു’’ -ആബിദിന്റെ ഫോട്ടോ സഹിതം പി.ആർ.സി.എസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

43 ദിവസത്തോളം ഇസ്രായേൽ സേന ആശുപത്രി വളഞ്ഞ് അതിക്രമം തുടരുമ്പോഴും രോഗികളെ സഹായിക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നുവെന്നും പിആർസിഎസ് ഓർമിച്ചു. ഇദ്ദേഹമുൾപ്പെടെ ഗസ്സയിൽ സേവനത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 16 ആയതായും സംഘടന അറിയിച്ചു. 

Tags:    
News Summary - PRCS says nurse found dead two weeks after Israeli raid on Al-Amal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.