ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധങ്ങൾ മോശമായതിനിടയിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉന്നതതല സംഘത്തിനൊപ്പം അഞ്ചു ദിവസത്തെ സന്ദർശനത്തിന് ചൈനയിൽ. മുയിസുവിന്റെ പ്രഥമ ചൈന സന്ദർശനത്തിനൊപ്പം വ്യാപാര, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ പരസ്പര ബന്ധം വർധിപ്പിക്കുന്ന നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്. മാലദ്വീപ് നിക്ഷേപക ഫോറത്തിലും മുയിസു പങ്കെടുക്കും. ലക്ഷദ്വീപിൽനിന്ന് ഏറെ അകലെയല്ലാത്ത മാലദ്വീപും അവിടത്തെ ഭരണകൂടത്തിന്റെ നിലപാടും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപരമായ താൽപര്യങ്ങളിൽ നിർണായകമാണ്. അമേരിക്കയോട് ഇന്ത്യ കൂടുതൽ അടുത്തതിനാൽ മാലദ്വീപുമായി കൂടുതൽ അടുത്ത ബന്ധമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നുമുണ്ട്. മുയിസുവിന്റെ സന്ദർശനത്തിലൂടെ മാലദ്വീപും ചൈനയുമായുള്ള ബന്ധങ്ങൾ ചരിത്രപരമായി പുതിയ തുടക്കത്തിലാണ് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വിശേഷിപ്പിച്ചത്.
നവംബറിൽ മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത മുയിസുവിന്റെ പതിവുവിട്ട ആദ്യ വിദേശ സന്ദർശനം തുർക്കിയയിലേക്കായിരുന്നു. തുടർന്ന് നടത്തിയ യു.എ.ഇ യാത്രക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്.
മാലദ്വീപിൽനിന്ന് 77 ഇന്ത്യൻ സൈനികരെ പിൻവലിക്കാനും രണ്ടു രാജ്യങ്ങളുമായുള്ള 100ൽപരം ഉഭയകക്ഷി കരാറുകൾ പുനഃപരിശോധിക്കാനുമുള്ള മുയിസുവിന്റെ അഭ്യർഥന മുൻനിർത്തിയായിരുന്നു ഇത്. ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് സർവേ ഉപേക്ഷിക്കാനുള്ള പദ്ധതിയും അതിനുമുമ്പ് മുയിസു പ്രഖ്യാപിച്ചു. ഡിസംബറിൽ മാലദ്വീപിന്റെ പുതിയ വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് ചൈനയിൽ പോയിരുന്നു. ചൈനക്ക് പ്രത്യേക താൽപര്യമുള്ള ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖല വികസന സഹകരണ ഫോറത്തിൽ പങ്കെടുക്കുകയും ചെയ്തു.
ന്യൂഡൽഹി: ഇന്ത്യയെ തള്ളി മാലദ്വീപ് ചൈനയെ തിരഞ്ഞെടുക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്ന വിഷയമാണെന്ന് കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി. പതിറ്റാണ്ടുകളായി മാലദ്വീപുമായി അടുത്ത ബന്ധമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത അയൽക്കാരനെ വിട്ട് ചൈനയോടാണ് അവർക്ക് ഇന്ന് താൽപര്യം.
ഇന്ത്യയുമായുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ തല പൊക്കുന്നു. മാലദ്വീപിലെ സ്വാധീനം ചൈന വിപുലപ്പെടുത്തുന്നതും ആശങ്കജനകമാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ഇന്ത്യയിൽ വന്നിട്ടില്ലാത്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മ്യൂസു അഞ്ചുദിവസത്തെ സന്ദർശനത്തിന് ചൈനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.