ആഭ്യന്തര പ്രതിഷേധത്തിൽ വലഞ്ഞ് ഇസ്രായേൽ; സൈനിക ആസ്ഥാനവും പ്രതിരോധ മന്ത്രാലയവും ഉപരോധിച്ച് ബന്ദികളുടെ ബന്ധുക്കൾ

തെൽഅവീവ്: യുദ്ധം 110 നാൾ പിന്നിട്ടിട്ടും ഒരുബന്ദിയെ പോലും മോചിപ്പിക്കാനാകാത്ത നെതന്യാഹു സർക്കാറിനെതിരെ ഇസ്രായേലിൽ ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നു. സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും മുന്നിലും വൻ പ്രക്ഷോഭമാണ് ഇന്നലെ നടന്നത്. ഹമാസ് വിട്ടയച്ച 105 ബന്ദികളല്ലാതെ ബാക്കിയുള്ള ബന്ദികളിൽ ആരെയും മോചിപ്പിക്കാൻ ഇത്രവലിയ പട​യൊരുക്കം നടത്തിയിട്ടും ഇസ്രായേൽ സൈന്യത്തിന് കഴിയാത്തത് സർക്കാറി​നെ മൊത്തത്തിൽ ഉലച്ചിരിക്കുകയാണ്.

എന്തുവിലകൊടുത്തും പ്രിയപ്പെട്ടവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ തെഅവീവിലെ പ്രധാന ഹൈവേ തടഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ഭരണകൂടവും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബന്ദികളുടെ കുടുംബങ്ങളും അവരെ പിന്തുണയ്ക്കുന്നവരും തെരുവിലിറങ്ങിയത്.

ഇസ്രായേൽ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനത്തിന് പുറത്ത് പ്രകടനം നടത്തിയവ​രെ ഇസ്രായേലി പൊലീസ് അയലോൺ ഹൈവേയിൽ നിന്ന് നീക്കം ചെയ്തു. തെൽഅവീവിലെ കപ്ലാൻ ഇന്റർചേഞ്ചിൽ ഏകദേശം 5,000 പ്രതിഷേധക്കാർ സംഘടിച്ചു. ബുധനാഴ്ച വൈകുന്നേരം ജറുസലേമിലെ കിംഗ് ജോർജ്ജ് സ്ട്രീറ്റിലുംനൂറുകണക്കിന് പേർ പ്രകടനം നടത്തി.

‘ഞങ്ങളുടെ സഹോദരിമാർ ബന്ദികളാക്കപ്പെട്ടിരിക്കുന്നു, സ്ത്രീകൾ തെരുവിലിറങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി നിരവധി വനിത സംഘടനകളും തെരുവിലിറങ്ങി. ഗസ്സയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഉടനടി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാജ്യത്തുടനീളമുള്ള നിരവധി റോഡുകളിൽ ഗതാഗതം തടഞ്ഞു. 10ലധികം പൊലീസ് വാഹനങ്ങളും ഡസൻ കണക്കിന് ഉദ്യോഗസ്ഥരുമെത്തിയാണ് വടക്കൻ ഇസ്രായേലിലെ കാർക്കൂർ ജംഗ്ഷനിൽ പ്രതിഷേധക്കാരെ നീക്കം ചെയ്തത്. 100 ഓളം പ്രതിഷേധക്കാർ ടെൽ അവീവിലെ ഡിസെൻഗോഫ്, കിംഗ് ജോർജ്ജ് ജംഗ്ഷൻ, ഗ്ലിലോട്ട് ജങ്ഷൻ റോഡ് ഉപരോധിച്ചു.


ഒക്‌ടോബർ 7 നാണ് ഹമാസ് നടത്തിയ തൂഫാനുൽ അഖ്സ ഓപറേഷനിലാണ് ഇസ്രായേൽ സൈനികരടക്കം 253 പേരെ ഹമാസ് ബന്ദികളാക്കിയത്. ഇതിനുപിന്നാലെ ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ച് ഗസ്സയിൽ ഇസ്രായേൽ നരനായാട്ടിന് തുടക്കമിടുകയായിരുന്നു. എന്നാൽ, 11,000ലേറെ കുഞ്ഞുങ്ങളടക്കം 25,000ലേറെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തിട്ടും ബന്ദികളിലൊരാളെ പോലും കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ല.

നവംബർ അവസാനത്തോടെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തിലിൽ 105 സാധാരണക്കാരായ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. പിന്നീട് എട്ട് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം തന്നെ അബദ്ധത്തിൽ കൊലപ്പെടുത്തി. ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ ഹമാസിന്റെ കൈവശമുള്ള 28 ബന്ദികൾ കൊല്ല​പ്പെട്ടതായും ഐ.ഡി.എഫ് സ്ഥിരീകരിക്കുന്നുണ്ട്. ഇവരു​ടെ മൃതദേഹങ്ങളടക്കം 132 ബന്ദികൾ ഇപ്പോഴും ഗസ്സയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.


അതേസമയം, ഇസ്രായേലി ബന്ദികളെ ഹമാസും ഫലസ്തീനി തടവുകാരെ ഇസ്രായേലും വിട്ടയക്കുന്ന ഒരു മാസം നീളുന്ന വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകൾ യു.എസ് കാർമികത്വത്തിൽ പുരോഗമിക്കുന്നുണ്ട്. വൈറ്റ് ഹൗസ് വക്താവ് മക്ഗർക്കിന് പുറമെ ഖത്തർ, ഈജിപ്ത് പ്രതിനിധികളും തിരക്കിട്ട നീക്കങ്ങളിൽ പങ്കാളികളാണ്. വെടിനിർത്തലിന് പുറമെ കൂടുതൽ സഹായമെത്തിക്കുന്നതും ഇതിന്റെ ഭാഗമാകും.

എന്നാൽ, ഒരുമാസ വെടിനിർത്തലിനോട് ഹമാസ് യോജിക്കുന്നില്ല. ശാശ്വതമായി യുദ്ധം അവസാനിപ്പിക്കണമെന്നും മുഴുവൻ ഫലസ്തീനി തടവുകാരെയും വിട്ടയക്കണ​മെന്നും ഹമാസ് ആവശ്യപ്പെടുന്നു. ആറ് പ്രമുഖ ഹമാസ് നേതാക്കളെ നാടുകടത്തണമെന്ന് ഗസ്സയിൽ ഹമാസ് തുടരുന്ന ഒരു സംവിധാനവും ഇനി അംഗീകരിക്കില്ലെന്നും ഇസ്രായേൽ വക്താവ് ഈലോൺ ലെവി പറഞ്ഞിരുന്നു. യു.എസും ഇതേ നിലപാട് ആവർത്തിച്ചു. എന്നാൽ, ഇത് നടക്കില്ലെന്ന് ഹമാസ് തുറന്നടിച്ചു. ഫലസ്തീനികളുടെ ഭരണം അവർതന്നെ തീരുമാനിക്കുമെന്നും ഹമാസ് വ്യക്തമാക്കി. 

Tags:    
News Summary - Protesters block Tel Aviv highway as women’s groups demand immediate hostage deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.