പാകിസ്താനിൽ പി.ടി.ഐ നേതാക്കളുടെ അറസ്റ്റ് തുടരുന്നു; അറസ്റ്റിലായത് ഡോ. ഷിറീൻ മസാരി

ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയും പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയുടെ മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. പി.ടി.ഐ സീനിയർ വൈസ് പ്രസിഡന്‍റ് ഡോ. ഷിറീൻ മസാരിയാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ ഇസ്‍ലാമാബാദിലെ വസതിയിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഡോ. ഷിറീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇംറാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്ന് രാജ്യത്ത് അരങ്ങേറിയ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിറകെയാണ് പി.ടി.ഐ മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും പൊലീസ് തുടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ മുൻ വിദേശകാര്യ മന്ത്രിയും ഇംറാന്‍റെ അടുത്ത അനുയായിയുമായ ഷാ മുഹമ്മദ് ഖുറൈശി ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.

ഷാ മുഹമ്മദ് ഖുറൈശിയെ കൂടാതെ, പി.ടി.ഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി, സെക്രട്ടറി ജനറൽ അസദ് ഉമർ, ജംഷാദ് ഇഖ്ബാൽ ചീമ, ഫലക്നാസ് ചിത്രാലി, മുസാറത്ത് ജംഷീദ് ചീമ, മലീക ബുഖാരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളവർ. സമാധാനം തകർക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്ത കലാപത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരായ ജനകീ‍യ പ്രക്ഷോഭത്തിന് പാകിസ്താനിൽ ഇതുവരെ അവസാനിച്ചിരുന്നില്ല. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും ലാഹോറിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വസതി കൈയേറിയും ജനം പ്രതിഷേധിച്ചത്.

ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടി അസാധുവാക്കിയ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഇന്നലെ ഉത്തരവിട്ടിരുന്നു. കോടതി വിധി വന്നതിന് പിറകെ, അണികളോട് ശാന്തരായിരിക്കാൻ ഇംറാൻ ഖാൻ ആഹ്വാനം ചെയ്തു. രാജ്യത്തിന് ദ്രോഹകരമായ ഒന്നും ചെയ്യരുതെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കേസുകളിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിൽ എത്തിയപ്പോഴാണ് മറ്റൊരു കേസിന്റെ പേരിൽ ഇംറാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലായിരുന്നു അറസ്റ്റ്. പൊലീസിന്‍റെ നടപടി ചോദ്യം ചെയ്താണ് ഇംറാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - PTI leader Shireen Mazari arrested in Islamabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.