ഇസ്ലാമാബാദ്: പബ്ജി ഗെയിമിന് വിലക്കേർപ്പെടുത്താനൊരുങ്ങി പാകിസ്താൻ പൊലീസ്. ലാഹോറിൽ ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരൻ കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് പബ്ജിക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങുന്നത്. പബ്ജിക്കൊപ്പം മറ്റ് വിഡിയോ ഗെയിമുകളും നിരോധിക്കുമെന്നും പാകിസ്താൻ പൊലീസ് പറഞ്ഞു.
ഓണ്‍ലൈനില്‍ ഗെയിമുകളുടെ അടിമയായിരുന്ന 18കാരനാണ് നാല് കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നത്. കളിയിൽ ആവർത്തിച്ചുണ്ടായ തോൽവിയെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതിയായ 18കാരന്‍ അലി സെയ്ന്‍ പൊലീസിനോട് പറഞ്ഞു.
''ഇത് ആദ്യത്തെ സംഭവമല്ല. അതുക്കൊണ്ട് ഇത് പോലെയുള്ള വിഡിയോ ഗെയിമുകൾ കർശനമായി നിരോധിക്കാൻ ആണ് തീരുമാനം''- കേസിന്‍റെ അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഇമ്രാൻ കിഷ്വാർ ലാഹോറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജനുവരി 19 നായിരുന്നു ലാഹോറിലെ ഒരു വീട്ടിൽ വെച്ച് 18കാരൻ നാല് കുടുബാംഗങ്ങളെ വെടിവെച്ചുകൊന്നത്. അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയുമായിരുന്നു അലി സെയ്ന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി ഗെയിം കളിച്ച സെയ്ൻ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അക്രമാസക്തനായി കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.
ദിവസങ്ങളോളം മുറിയടച്ച് കഴിഞ്ഞിരുന്ന സെയിൻ ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. ഗെയിമില്‍ സംഭവിക്കുന്നത് പോലെ, വെടിവെച്ച് കൊന്നാലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ചിന്തയിലാണ് സെയ്ന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നതെന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞതായി പാകിസ്താനി പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് പാകിസ്താനിലെ ടെലികോം അധികാരികൾ മുമ്പ് ഗെയിമിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞിരുന്നു. ഇന്ത്യയും ചൈനയുമടക്കം പല രാജ്യങ്ങളും ഇതിനോടകം പബ്ജിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.